കോഴിക്കോട്: കോഴിക്കോട് നാദാപുരം ജനമൈത്രി പൊലീസിന്‍റെ നേതൃത്വത്തില്‍ 'കൈവിടാതിരിക്കാന്‍ കൈ കഴുകൂ ബ്രേക്ക് ദ ചെയിനുമായി' പൊലീസ് രംഗത്ത്. ഇതിനായി നാദാപുരം ബസ് സ്റ്റാന്‍റിലും പൊലീസ് സ്റ്റേഷനിലും കൈ കഴുകാനുള്ള സംവിധാനം ഒരുക്കി. നാദാപുരം എഎസ്‌പി അങ്കിത് അശോകന്‍ ബ്രേക്ക് ദ ചെയിന്‍ ഉദ്ഘാടനം ചെയ്തു. വാഹനങ്ങളില്‍ വരുന്നവര്‍ക്കും പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തുന്നവര്‍ക്കും കൈ കഴുകാന്‍ ഹാന്‍റ് വാഷും, സോപ്പുമാണ് ഒരുക്കിയിട്ടുള്ളത്. മേഖലയില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് നിരവധി പേരാണ് ദിനം പ്രതി എത്തുന്നത്.
ഇവരില്‍ 190 പേര്‍ ഇതിനോടകം തന്നെ നിരീക്ഷണത്തിലാണ്. വീടുകളില്‍ ക്വാറന്‍റയിനിൽ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചവര്‍ ടൗണുകളിലും മറ്റും കറങ്ങി നടക്കുന്നതും വ്യാപാര സ്ഥാപനങ്ങളിലും മറ്റുമെത്തുന്നതും ശ്രദ്ധയില്‍ പെട്ടതോടെയാണ് പൊലീസും ആരോഗ്യ വകുപ്പും ഇത്തരക്കാര്‍ക്കെതിരെ നിയമനടപടി ആരംഭിച്ചത്. നാദാപുരം ഗ്രാമപ്പഞ്ചായത്ത് , ആരോഗ്യ വകുപ്പ് , നാദാപുരം പൊലീസ് എന്നിവര്‍ സംയുക്തമായാണ് നടപടി എടുക്കുന്നത്.
കൊറോണ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ നിര്‍ദ്ദേശം ലംഘിക്കുന്നവരുടെ പാസ്‌പോര്‍ട്ട്, വിദേശത്തേക്കുള്ള യാത്രാ രേഖകള്‍ എന്നിവ പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കുമെന്നും അധികൃതര്‍ പറഞ്ഞു.