കോഴിക്കോട്: മൻസൂർ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്‍റെ ദുരൂഹ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. മരണത്തിന് അൽപ സമയം മുമ്പാണ് രതീഷിന്‍റെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതെന്ന് വിശദമായ പരിശോധനയിൽ വ്യക്തമായി.
മുഖത്തുണ്ടായ മുറിവുകൾ ശ്വാസം മുട്ടിക്കാൻ ശ്രമം നടന്നതിനിടയിൽ ഉണ്ടായതാണെന്നാണ് സംശയം. കഴുത്തിൽ കയർ കുരുങ്ങി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. എന്നാൽ ഇതിന് മുമ്പ് മരണം സംഭവിച്ചോ എന്നറിയാൻ ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം ലഭിക്കണം. രതീഷിന്‍റേത് കൊലപാതകമാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
മൻസൂർ കേസിലെ കൂട്ടു പ്രതികൾ രതീഷിനൊപ്പമുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ഇവർ തമ്മിൽ വാക്കേറ്റം നടന്നതായും പൊലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവരെ കൂടുതൽ ചോദ്യം ചെയ്‌താൽ മാത്രമെ യഥാർഥത്തിൽ സംഭവിച്ചത് എന്താണെന്ന് വ്യക്തമാകൂ.
ഈ കാര്യത്തിൽ പൊലീസ് കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കാനും തയ്യാറാകുന്നില്ല. ഫോറൻസിക് സർജനടക്കം രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയ ചെക്യാട്ട് എത്തി പരിശോധന നടത്തിയിരുന്നു. വടകര റൂറൽ എസ്പി ഡോ. ശ്രീനിവാസിൻ്റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് കോഴിക്കോട് യൂണിറ്റാണ് ഈ കേസ് അന്വേഷിക്കുന്നത്.