കോഴിക്കോട്: മുട്ടില്‍ മരം മുറി കേസില്‍ കുപ്പാടിയിലെ ഡിപ്പോയില്‍ സൂക്ഷിച്ച മരങ്ങള്‍ പരിശോധിക്കാന്‍ അഭിഭാഷക കമ്മിഷന്‍ എത്തിയത് പ്രതികള്‍ക്കൊപ്പമെന്ന് റിപ്പോര്‍ട്ട്. പിടികൂടിയ മരങ്ങള്‍ ശരിയായി സംരക്ഷിക്കുന്നില്ലെന്ന പരാതിയില്‍ ജില്ല കോടതി നിയോഗിച്ച അഭിഭാഷക മിനിമോൾ മാത്യുവാണ് തെളിവെടുപ്പ് നടത്തിയത്. കമ്മിഷന്‍ കുപ്പാടിയിലെ മരം ഡിപ്പോയില്‍ പരിശോധനക്ക് എത്തിയത് മരംമുറി കേസിലെ പ്രതികളിലൊരാളായ ജോസുകുട്ടി അഗസ്റ്റിനും അഭിഭാഷകന്‍ ശശികുമാറിനും ഒപ്പമാണ്.
നിയമപരമായി ഇതില്‍ തെറ്റില്ലെങ്കിലും ഇങ്ങനെയൊരു കീഴ്‌വഴക്കമില്ലെന്നാണ് നിയമ വിദഗ്‌ധര്‍ പറയുന്നത്. ഇത് ശരിയായ നടപടിയല്ലെന്നും ഇവര്‍ പറയുന്നു. ഒന്നര മണിക്കൂറോളമാണ് ഡിപ്പോയില്‍ കമ്മിഷന്‍ പരിശോധന നടത്തിയത്. ചുമതലയുള്ള ഉദ്യോഗസ്ഥരും വനം വകുപ്പ് ജീവനക്കാരും പരിശോധന സമയത്ത് ഡിപ്പോയിലുണ്ടായിരുന്നു. കേസിലെ കുറ്റപത്രം അടുത്ത ആഴ്‌ച സമർപ്പിക്കാനിരിക്കെ പ്രതികളുമായുള്ള ഒത്തുകളിക്ക് നിരവധി തെളിവുകൾ പുറത്ത് വന്നിട്ടും വനം വകുപ്പ് മൗനത്തിലാണ്.
തെളിവെടുപ്പ് പ്രതികളുടെ പരാതിയില്‍: മുട്ടില്‍ മരം കേസില്‍ പിടിച്ചെടുത്ത മരങ്ങള്‍ സംരക്ഷിക്കുന്നില്ലെന്ന് കാണിച്ച് പ്രതികളാണ് പരാതി നല്‍കിയത്. മഴയും വെയിലും ഏല്‍ക്കാതെ തറയില്‍ തൊടാത്ത രീതിയിലാണ് തടികള്‍ സൂക്ഷിക്കേണ്ടത്. എന്നാല്‍ ഇത്തരത്തിലല്ല പിടിച്ചെടുത്ത തടികള്‍ സംരക്ഷിക്കുന്നതെന്നാണ് പ്രതികള്‍ പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ല കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്‍ മിനിമോള്‍ മാത്യുവാണ് തെളിവെടുപ്പ് നടത്തിയത്. വെള്ളിയാഴ്‌ച (ഒക്‌ടോബര്‍ 20) വൈകിട്ട് 3.30 ഓടെയാണ് കുപ്പാടിയിലെ വനം വകുപ്പിന് കീഴിലുള്ള ടിമ്പര്‍ ഡിപ്പോയില്‍ സംഘം പരിശോധനയ്‌ക്ക് എത്തിയത്.