കോഴിക്കാട് : എറണാകുളത്ത് നടന്ന മുസ്ലിംലീഗ് പ്രവർത്തക സമിതി യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആഞ്ഞടിച്ച കെഎസ് ഹംസയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും നീക്കി. സംസ്ഥാന സെക്രട്ടറി, പ്രവർത്തകസമിതി അംഗം എന്നിവയടക്കം പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നുമാണ് ഹംസയെ ഒഴിവാക്കിയത്. സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങൾ ഇടപെട്ടാണ് കെഎസ് ഹംസയ്‌ക്കെതിരെ നടപടിയെടുത്തത്.
കുഞ്ഞാലിക്കുട്ടി ഇടതുപക്ഷത്താണോ യുഡിഎഫിലാണോ എന്ന കാര്യത്തിൽ ജനത്തിന് സംശയമുണ്ട് എന്ന ഹംസയുടെ പരാമർശത്തിന് പിന്നാലെയാണ് ലീഗിന്‍റെ നടപടി. ചന്ദ്രിക ഫണ്ടിൽ സുതാര്യത വേണമെന്നും സമുദായത്തിന്‍റെ പണം ധൂർത്തടിക്കരുതെന്നും യോഗത്തില്‍ പി കെ ബഷീർ എംഎല്‍എ കുറ്റപ്പെടുത്തി. കെഎം ഷാജിയും യോഗത്തിൽ വിമർശനമുയർത്തി.
ഇതോടെ താൻ രാജി എഴുതി നൽകാമെന്ന് കുഞ്ഞാലിക്കുട്ടി യോഗത്തെ അറിയിച്ചിരുന്നു. പതിവില്ലാത്ത വിധം രൂക്ഷമായ വിമർശനമാണ് എറണാകുളത്തെ ലീഗ് യോഗത്തിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്നത്.