കോഴിക്കോട്: 2017 ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ചാലിയത്തും മുക്കത്തുമായി പുരുഷ ശരീര ഭാഗങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. സംഭവത്തിൽ മുക്കം മണാശേരി സ്വദേശി ബിർജുവിനെ അറസ്റ്റ് ചെയ്തതായി ക്രൈം ബ്രാഞ്ച് എഡിജിപി ടോമിൻ ജെ തച്ചങ്കരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബിർജുവിന്‍റെ പരിചയക്കാരനായ മലപ്പുറം വണ്ടൂർ സ്വദേശി ഇസ്മായിലാണ് കൊല്ലപ്പെട്ടത്. പിടിയിലായ ബിർജുവും ഇസ്മായിലും ചേർന്ന് ബിർജുവിന്റെ അമ്മ ജയവല്ലിയെ സ്വത്ത് തട്ടിയെടുക്കാനായി കൊലപ്പെടുത്തിയിരുന്നു. എന്നാൽ ഈ കൃത്യത്തിൽ പങ്കെടുത്തതിന് ഇസ്മായിൽ ബിർജുവിനോട് പ്രതിഫലം ചോദിച്ചു. പ്രതിഫലം ലഭിച്ചില്ലെങ്കിൽ വിവരം പുറത്ത് പറയുമെന്ന് ഇസ്‌മായിൽ ഭീഷണിപ്പെടുത്താനും തുടങ്ങി. ഇതോടെ ഇസ്‌മായിലിനെയും ഇല്ലാതാക്കാൻ ബിർജു കരുക്കൾ നീക്കുകയായിരുന്നു.
മദ്യം നൽകിയ ശേഷം ഇസ്‌മായിലിനെയും ബിർജു കൊന്നു. ഇസ്‌മായിലിനെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കുന്നതിന് ശരീരഭാഗങ്ങൾ വെട്ടിമാറ്റി ഉപേക്ഷിക്കുകയായിരുന്നുവെന്നും എഡിജിപി പറഞ്ഞു. കേസ് തെളിയിച്ച ഉദ്യോഗസ്ഥർക്ക് പ്രത്യേക പാരിതോഷികം നൽകുമെന്നും എഡിജിപി അറിയിച്ചു.