കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പികെ നവാസിനെ അറസ്റ്റ് ചെയ്‌ത് വിട്ടയച്ചു. ഹരിത നേതാക്കളുടെ പരാതിയെ തുടർന്ന് ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയായിരുന്നു അറസ്റ്റ്. ഒരു മണിക്കൂർ ചോദ്യം ചെയ്ത ശേഷം ചെമ്മങ്ങാട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന്‍റെ പേരിൽ ഐപിസി 354 A വകുപ്പ് ചുമത്തിയാണ് പൊലീസ് നപടി.
വസ്‌തുതയുമായി പുല ബന്ധമില്ലാത്ത വാർത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നതെന്ന് നവാസ് പറഞ്ഞു. പാർട്ടിയുടെ അനുവാദത്തോടെ എല്ലാം തുറന്ന് പറയുമെന്നും ജാമ്യത്തിൽ പുറത്തിറങ്ങിയ നവാസ് പ്രതികരിച്ചു. ജൂണ്‍ 22 ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബും നടത്തിയ ലൈംഗിക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് വനിതാ നേതാക്കൾ ജില്ലാ പൊലീസ് മേധാവിക്ക് നേരത്തെ പരാതി നൽകിയത്.
അതേസമയം ഹരിതയ്‌ക്കെതിരായ നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ആവശ്യമുന്നയിച്ച് ഇവർ മുസ്‌ലിം ലീഗ് ദേശീയ നേതൃത്വത്തിന് കത്തയച്ചു. സീനിയർ വൈസ് പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി ഉൾപ്പടെയുള്ളവരാണ് കത്തയച്ചിരിക്കുന്നത്. സ്ഥിതി വഷളാക്കിയത് പിഎംഎ സലാമിന്‍റെ ഇടപെടലാണെന്നും ഇവർ ആരോപിക്കുന്നു.