കോഴിക്കോട്: മുസ്‌ലിം ലീഗിനെ പരോക്ഷമായി വിമര്‍ശിച്ച് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡൻ്റ് ഫാത്തിമ തെഹ്‌ലിയ. പാര്‍ട്ടിയിലെ പെണ്ണുങ്ങള്‍ തന്‍റെ ചൊല്‍പ്പടിയ്ക്ക് നില്‍ക്കണമെന്ന ഇഎംഎസിന്‍റെ ആണഹന്തയ്‌ക്കെതിരെ പൊരുതിയ കെആര്‍ ഗൗരിയാണ് തന്‍റെ ഹീറോയെന്നാണ് ഫാത്തിമ തെഹ്‌ലിയ ഫേസ്ബുക്കിൽ കുറിച്ചത്.
സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരില്‍ വിദ്യാര്‍ഥിനി വിഭാഗമായ ഹരിതയുടെ പ്രവര്‍ത്തനം മുസ്‌ലിം ലീഗ് മരവിപ്പിച്ചിരുന്നു. ഹരിത നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നാണ് ലീഗിന്‍റെ വാദം. ഈ പശ്ചാത്തലത്തിലാണ് ഫാത്തിമ തെഹ്‌ലിയ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
അതേസമയം വിഷയത്തിൽ ബുധനാഴ്‌ച മാധ്യമങ്ങളെ കാണുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഹരിതയുടെ കൂടുതൽ പ്രവർത്തകർ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നേക്കുമെന്നാണ് സൂചന.
വിവാദങ്ങൾക്കിടെ എംഎസ്എഫ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്‍റ് എപി അബ്ദുസമദ് രാജിവച്ചു. മുസ്‌ലിം ലീഗിന്‍റെ സ്ത്രീ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നിലപാടിൽ പ്രതിഷേധിച്ചാണ് പദവി രാജിവയ്ക്കുന്നതെന്ന് രാജിക്കത്തിൽ സമദ് അറിയിച്ചു. ലീഗിൻ്റെ തീരുമാനത്തിൽ നിരവധി നേതാക്കൾ അസംതൃപ്തരാണെന്നാണ് പുറത്തുവരുന്ന വിവരം.
ALSO READ:'ഹരിത'യ്‌ക്കെതിരെ നടപടിയുമായി ലീഗ് ; സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു