കോഴിക്കോട്: സഭാതർക്കം പരിഹരിക്കാനും പള്ളി കയറ്റം അവസാനിപ്പിക്കാനും സംസ്ഥാന സർക്കാർ നിയമ നിർമാണം നടത്തണമെന്ന് യാക്കോബായ സുറിയാനി സഭ കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. പൗലോസ് മോർ ഐറേനിയോസ്. യാക്കോബായ സുറിയാനി സഭ നീതിക്കായി നടത്തുന്ന സമരത്തിന് ഐകൃദാർഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് ഭദ്രാസനം കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
ഓർത്തഡോക്സ് സഭ ആരാധനാലങ്ങൾ പിടിച്ചടക്കുമ്പോൾ യാക്കോബായ സഭയ്‌ക്ക് നീതി നിഷേധിക്കപ്പെടുന്നു. 52 ദേവാലയങ്ങൾ ഇതിനകം നഷ്ടപ്പെട്ടു. യഥാർഥ അവകാശികളായ യാക്കോബായക്കാർക്ക് ഇന്ന് ആരാധനാ സ്വാതന്ത്ര്യം ലഭിക്കുന്നില്ല .തലമുറകൾ കഷ്‌ടപ്പെട്ടുണ്ടാക്കിയ പള്ളികളുടെ സ്വത്തുക്കളിലാണ് ഓർത്തഡോക്സ് സഭ ലക്ഷൃമിടുന്നത് .പള്ളികൾ യഥാർഥ അവകാശികൾക്ക് തിരിച്ചു കിട്ടും വരെ സഹന സമരം തുടരും. മലബാർ മാതൃകയിൽ പ്രശ്‌നം രമ്യമായി പരിഹരിക്കാൻ തയ്യാറാവണമെന്ന് മെത്രാപ്പോലീത്ത സർക്കാരിനോട് അഭ്യർഥിച്ചു. ഫാ. ഫിലിപ്പ് ജോൺ അധ്യക്ഷത വഹിച്ചു .ഫാ. അനീഷ് മാണിക്കുളം, ഫാ കുര്യാക്കോസ് തയ്യിൽ, ഫാ. പൗലോസ് എന്നിവർ ധർണക്ക് നേതൃത്വം നൽകി.