കോഴിക്കോട്: മൺസൂൺ ബംബർ (Monsoon Bumper) അടിച്ച പരപ്പനങ്ങാടിയിലെ ഹരിതസേന അംഗങ്ങൾ (Harithasena Members) വീണ്ടും ഭാഗ്യം തേടുകയാണ്. 10 കോടി ബംബറിൻ്റെ സമ്മാനതുക 11 പേർ വീതിച്ചതിന് ശേഷം അവർ വീണ്ടും ടിക്കറ്റിന് ഷെയറിട്ടു. എന്നാല്‍ ഇത്തവണ അവർ 11 പേരല്ല, പകരം 58 പേരുണ്ട്. മാത്രമല്ല ടിക്കറ്റ് ഒന്നിന് പകരം 11 എണ്ണമാണ് എടുത്തിരിക്കുന്നത്.
ഇത്തവണത്തെ ഭാഗ്യപരീക്ഷണം ഇങ്ങനെ: 5000 രൂപ കൊടുത്ത് 25 കോടി രൂപ സമ്മാനത്തുകയുള്ള 10 ടിക്കറ്റുകൾ പാലക്കാട് (Palakkad) ഏജൻസിയിൽ നിന്നാണ് ഇവര്‍ വാങ്ങിയത്. പിന്നാലെ നാലമ്പലം ചുറ്റാൻ പോയപ്പോൾ തൃപ്രയാറിൽ നിന്ന് ഒരു ടിക്കറ്റ് കൂടി വാങ്ങി. ഭാഗ്യവാൻമാർക്കൊപ്പം ഷെയറിടാൻ ആളുകളുടെ തിരക്കായിരുന്നു.
മാത്രമല്ല ഗൾഫ് നാടുകളില്‍ (Gulf Countries) നിന്ന് പോലും ഇതിനായി വിളിച്ചവരുമുണ്ട്. ഒടുവില്‍ ഏറ്റവും അനുയോജ്യരായ 58 പേർ ചേർന്ന് ഷെയർ ക്ലോസ് ചെയ്യുകയായിരുന്നു. സംഘത്തിലെ ടിക്കറ്റ് സൂക്ഷിപ്പുക്കാരി രാധ തന്നെയാണ് ഓണം ബംബറിന്‍റെ (Onam Bumper) ടിക്കറ്റുകളും വാങ്ങി സൂക്ഷിച്ചിരിക്കുന്നത്.
ഭാഗ്യവാന്മാര്‍ തിരക്കിലാണ്: ഇത്തവണയും ഭാഗ്യം തുണക്കും എന്നുതന്നെയാണ് ഇവരുടെ പ്രതീക്ഷ. 10 കോടി അടിച്ചതോടെ ജീവിതം മാറിമറിഞ്ഞവർക്കൊപ്പം ഈ തവണ പ്രാർഥിക്കാൻ ഒരുപാട് പേരുണ്ട്. ഓണം ആഘോഷിക്കാന്‍ മുൻപ് കാണം പോലും വിൽക്കാൻ പാടുപെട്ടവർ ഇത്തവണ സന്തോഷത്തോടെ ഓണമാഘോഷിച്ചു.
പിന്നാലെ വീട് പണി തുടങ്ങാനും കടം വീട്ടാനുമൊക്കെയുള്ള ഓട്ടത്തിലാണ് ഇവരില്‍ പലരും. എന്തായാലും ഞെരുക്കമില്ലാതെ ജീവിതത്തിൽ ആദ്യമായി ഓണം കടന്ന് പോയതിന്‍റെ സന്തോഷത്തിലാണവർ. ഇനി ഇവരെ സംബന്ധിച്ച് 25 കോടി വീണ്ടും തേടിയെത്തുമോ എന്ന പ്രതീക്ഷയുടെ നാളുകളാണ്.
തരംഗമായി ഓണം ബംബര്‍: ഇത്തവണത്തെ ഓണം ബംബറിന് റെക്കോർഡ് വിൽപനയാണ് നടന്നത്. 36 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് ഇതിനോടകം സംസ്ഥാനത്ത് വിറ്റത്. ജുലൈ 27 നായിരുന്നു ഓണം ബംബർ വിൽപന ആരംഭിച്ചത്. അന്ന് മാത്രം 4,41,600 ടിക്കറ്റുകൾ വിറ്റുപോയിരുന്നു. തൊട്ടുപിന്നാലെ ഉത്രാട ദിവസം വിറ്റത് 1,96,865 ടിക്കറ്റുകളാണ്.
കഴിഞ്ഞ വർഷം 67.5 ലക്ഷം ഓണം ബംബർ ടിക്കറ്റ് അച്ചടിച്ചതിൽ 66,55,914 എണ്ണം വിറ്റുപോയിരുന്നു. ഇത്തവണ 30 ലക്ഷം ടിക്കറ്റുകളായിരുന്നു ആദ്യ ഘട്ടത്തിൽ അച്ചടിച്ചത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വിൽപനയിൽ ഇതുവരെ പത്ത് ലക്ഷം ടിക്കറ്റുകളുടെ വർധനയുണ്ടെന്നാണ് ലോട്ടറി വകുപ്പ് പറയുന്നത്. വിൽപന ഈ രീതിയിൽ മുന്നോട്ട് പോയാൽ കഴിഞ്ഞ വർഷത്തേക്കാൾ ചുരുങ്ങിയത് 15 ലക്ഷത്തോളം ടിക്കറ്റുകളെങ്കിലും അധികമായി വിറ്റ് പോകുമെന്നാണ് ലോട്ടറി വകുപ്പിൻ്റെ പ്രതീക്ഷ.