കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് നടന്ന അറസ്റ്റിൽ മുഖ്യമന്ത്രിക്ക് പൊലീസ് ഭാഷ്യമാണെന്ന തരത്തിൽ വാർത്ത വന്നതിൽ വിശദീകരണവുമായി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. താൻ പറഞ്ഞ കാര്യങ്ങൾ ചില മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് അദ്ദേഹം പത്രക്കുറിപ്പിലൂടെ അറിയിച്ചു.
മാവോയിസ്റ്റ് കേസിൽ സർക്കാരിന് നിയമപരമായ രീതിയിലാണ് പോവാൻ കഴിയുക എന്നും ആ നിലയ്ക്കാണ് മുഖ്യമന്ത്രി വിഷയത്തെ സംബന്ധിച്ച് പ്രതികരിച്ചതെന്നുമാണ് താൻ പറഞ്ഞത്. യു.എ.പി.എ പ്രശ്നത്തിൽ ഒരേ അഭിപ്രായമാണ്. യു.എ.പി.എ കേസുകൾ അതിന്റെ പരിശോധന സമിതിക്ക് മുന്നിൽ വരുമ്പോൾ ഒഴിവാക്കപ്പെടണമെന്നാണ് പാർട്ടിയും സർക്കാരും നേരത്തെ വ്യക്തമാക്കിയതെന്നും മോഹനൻ പത്രക്കുറിപ്പിൽ പറയുന്നു. അലനും താഹയ്ക്കുമെതിരെ ചുമത്തിയ കേസിലും ഇതേ നിലപാടാണ് പാർട്ടി സ്വീകരിച്ചത്. ബി.ജെ.പി നേതാക്കളുടെ സമ്മർദം മൂലമാണ് കേസ് എൻ.ഐ.എ ഏറ്റെടുത്തതെന്നും പത്രക്കുറിപ്പിൽ പറയുന്നു.