തിരുവനന്തപുരം : കെ റെയിൽ പദ്ധതിക്കായി കല്ലിട്ട ഭൂമി വായ്‌പക്ക് ഈടായി സ്വീകരിക്കുന്നതിൽ നിയമ തടസമില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. നാലിരട്ടി വിലയ്ക്കായിരിക്കും ഭൂമി ഏറ്റെടുക്കുക. അപ്പോൾ തന്നെ ബാങ്കിനുള്ള ബാധ്യതകൾ തീർക്കാൻ കഴിയും.
അതുകൊണ്ട് വായ്പ നൽകിയാലും ബാങ്കിന് നഷ്ടമുണ്ടാകില്ല. സഹകരണ ബാങ്കുകളിൽ ഇത്തരം ഭൂമി ഈടായി നൽകുകയാണെങ്കിൽ നിഷേധിക്കരുതെന്ന നിർദേശം നൽകിയിട്ടുണ്ട്. സഹകരണ മേഖലയിലെ പൊതുനയങ്ങൾ എല്ലാവർക്കും ബാധകമാണ്. ഇത് സംബന്ധിച്ച് ആർക്കും ഒരു തെറ്റിധാരണയും വേണ്ടെന്നും മന്ത്രി പറഞ്ഞു.
സാമൂഹ്യ ആഘാത പഠനത്തിനായി കല്ലിട്ട ഭൂമി ഈടായി സ്വീകരിക്കാത്ത രണ്ട് സംഭവങ്ങളുണ്ടായി. രണ്ട് സംഘങ്ങളെയും നിജസ്ഥിതി ബോധ്യപ്പെടുത്തുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തെന്ന് മന്ത്രി പറഞ്ഞു. ഭൂമി എറ്റെടുക്കണമെങ്കിൽ ഇനിയും കടമ്പകളുണ്ട്.
അന്തിമ അലൈൻമെന്‍റ് തീരുമാനിക്കുന്നത് പാരിസ്ഥിതിക ആഘാത പഠനത്തിനും സർവേയ്ക്കും ശേഷമാണ്. നോട്ടിസുകൾ നൽകിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.