കോഴിക്കോട്: കേന്ദ്ര സഹമന്ത്രി വി മുരളീധരൻ കേരള സംസ്ഥാന വികസനം മുടക്കി വകുപ്പ് മന്ത്രിയെ പോലെയാണ് പെരുമാറുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരള സംസ്ഥാന വികസനം മുടക്കി വകുപ്പ് എന്ന ഒരു പുതിയ വകുപ്പ്, കേന്ദ്ര സർക്കാരിൻ്റെ കീഴിലുണ്ടോയെന്ന് സംശയമുണ്ട്. ഈ തരത്തിലാണ് മുരളീധരന്‍റെ പ്രവർത്തനങ്ങളെന്നും മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
എൽഡിഎഫ് സര്‍ക്കാര്‍ അധികാരത്തിൽ വന്നതിന് ശേഷമുള്ള രണ്ട് വർഷത്തെ മുരളീധരന്‍റെ പ്രസ്‌താവനകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൻ്റെ വികസനം മുടക്കുന്നതിനും സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള ഏതെങ്കിലും ദൗർഭാഗ്യകരമായ സംഭവങ്ങളിൽ സന്തോഷം രേഖപ്പെടുത്തുന്ന തരത്തിലുമുള്ള പ്രസ്‌താവനകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. സിൽവർ ലൈനിനെതിരെ അദ്ദേഹം പരസ്യമായി പ്രതികരിക്കുന്നതും നേരത്തെ നമ്മൾ കണ്ടതാണ്.
ഇവിടെ ജനിച്ച് വളർന്ന മലയാളിയാണ് അദ്ദേഹം. അതുകൊണ്ട് കേരളത്തിന്‍റെ ജനസാന്ദ്രതയെ കുറിച്ചും വാഹനപ്പെരുപ്പത്തെ കുറിച്ചും കേരളത്തിലെ ഗതാഗത കുരുക്കിനെ കുറിച്ചും അദ്ദേഹത്തിന് നന്നായി അറിയാം. എന്നാലും അദ്ദേഹം സിൽവർ ലൈനിനെതിരെ തുടർച്ചയായി ഇടപെട്ടുകൊണ്ടിരിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
ദേശീയപാത വികസനം മുടക്കാൻ മന്ത്രി വി മുരളീധരൻ എന്തെല്ലാം ശ്രമങ്ങളാണ് നടത്തിയതെന്ന് നമുക്ക് അറിയാം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയിട്ടുള്ള അടിസ്ഥാന രഹിതമായ പ്രസ്‌താവനകളും നമുക്കറിയാം.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ദേശീയപാതയുടെ വികസനത്തിന് 25 ശതമാനം തുക സംസ്ഥാന സർക്കാർ നൽകുന്നത്. 5,600 കോടി രൂപയാണ് ഇത്തരത്തില്‍ കൈമാറിയത്. എന്നാൽ അത് അങ്ങനെയല്ലെന്ന് വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളാണ് മന്ത്രി വി മുരളീധരൻ നടത്തിയത്. അത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു.
ദേശീയപാത വികസനത്തിന് സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളെ എന്തുകൊണ്ട് അദ്ദേഹം പരസ്യമായി അഭിനന്ദിക്കുന്നില്ല എന്ന് ചോദിക്കുന്നില്ല. എന്നാല്‍ എന്തിനാണ് അദ്ദേഹം ഇത്തരം അടിസ്ഥാന രഹിതമായ വാദങ്ങൾ ഉന്നയിക്കുന്നതെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് ചോദിച്ചു.
ഇന്ത്യയിൽ 65 ലക്ഷത്തിലധികം ആളുകൾക്ക് പെൻഷൻ നൽകുന്ന ഏക സംസ്ഥാനം കേരളമാണ്. എന്നാല്‍ പെൻഷൻ തുക കേന്ദ്ര ഫണ്ടാണെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും അദ്ദേഹം ശ്രമം നടത്തി. 40,000 കോടി രൂപ കേന്ദ്ര ബജറ്റിൽ വെട്ടി കുറച്ചപ്പോൾ അദ്ദേഹം ആഹ്ളാദ നൃത്തമാടി. തുടര്‍ന്ന് കേന്ദ്രം വീണ്ടും 8,000 കോടി രൂപ വെട്ടിക്കുറച്ചു.
ഇത് കേരളത്തിലെ ജനങ്ങൾക്ക് നേരെയുള്ള അതിക്രമമാണ്. ഇക്കാര്യത്തിൽ കേരളത്തിലെ ജനങ്ങൾ നേരിടാൻ പോകുന്ന പ്രയാസം മനസിലാക്കി അതിനെതിരെ പ്രതികരിക്കുന്നതിന് പകരം കേന്ദ്രമന്ത്രി അതിലും സന്തോഷം കണ്ടെത്തുകയാണുണ്ടായത്. അതുകൊണ്ട് തന്നെ അദ്ദേഹം കേരള സംസ്ഥാന വികസനം മുടക്കൽ വകുപ്പ് മന്ത്രി എന്ന നിലയിലാണ് അറിയപ്പെടേണ്ടതെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.
മന്ത്രി വി മുരളീധരനെ വിമര്‍ശിച്ച് നേരത്തെയും പിഎ മുഹമ്മദ് റിയാസ്: സംസ്ഥാനത്തിന്‍റെ വായ്‌പ പരിധി കേന്ദ്രം വെട്ടിക്കുറച്ചതില്‍ കേരള ജനത ദുഃഖിച്ചിരിക്കുമ്പോള്‍ കേന്ദ്ര മന്ത്രിയായ വി മുരളീധരന്‍ തുള്ളിച്ചാടുകയാണ്. ഇത്തരത്തില്‍ പെരുമാറുന്ന അദ്ദേഹം കേരളത്തിന്‍റെ ആരാച്ചാരാണെന്നുമായിരുന്നു മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞത്. കേന്ദ്രത്തില്‍ സ്വാധീനം ചെലുത്തി കേരളത്തിന് വേണ്ടതെല്ലാം നേടിത്തരുന്നതിന് പകരം വായ്‌പ വെട്ടി കുറച്ചതില്‍ അദ്ദേഹം ആനന്ദം കണ്ടെത്തുകയാണെന്നും മന്ത്രി വിമര്‍ശിച്ചിരുന്നു.