കോഴിക്കോട്: ജെഡിഎസ് (JDS) കേരള ഘടകം എൽഡിഎഫിൽ (LDF) തുടരുമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി (K Krishnankutty). ബിജെപിക്ക് (BJP) ഒപ്പമുള്ള സഖ്യത്തിന് ഇല്ലെന്നും കൃഷ്‌ണൻകുട്ടി ഇടിവി ഭാരതിനോട് പറഞ്ഞു.
ദേവഗൗഡയും കുമാരസ്വാമിയും എൻഡിഎയിലേക്ക് പോകുമെന്ന് വിശ്വസിക്കുന്നില്ല. ജനദ്രോഹ നടപടികൾ സ്വീകരിക്കുന്ന ബിജെപിയെ അംഗീകരിക്കാൻ ജെഡിഎസ് കേരള ഘടകത്തിന് കഴിയില്ല. ബിജെപിക്കെതിരായ ഒരു നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അതിനായി യോജിക്കാവുന്നവരുടെ ഒരു കൂട്ടായ്‌മയാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കേരള ജെഡിഎസ് ഒറ്റക്ക് നിന്നാൽ പാർട്ടി അംഗീകാരം നഷ്‌ടപ്പെടുമോ എന്ന വിഷയമൊക്കെ ഇലക്ഷൻ കമ്മീഷൻ തീരുമാനിക്കേണ്ടതാണെന്നും കെ കൃഷ്ണൻ കുട്ടി കൂട്ടിച്ചേർത്തു. പാർട്ടി ദേശീയ നേതൃത്വം എൻഡിഎയിൽ ചേരാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് കേരള ഘടകത്തിന്‍റെ നിലപാട് മന്ത്രി കെ കൃഷ്‌ണൻകുട്ടി വ്യക്തമാക്കിയത്.
അതേസമയം, എൻഡിഎ യോഗത്തിലേക്ക് ക്ഷണം കാത്തിരിക്കുകയാണ് കർണാടകത്തിലെ ജെഡിഎസ്. എൻഡിഎ സഖ്യയോഗത്തിലേക്ക് ക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുമാരസ്വാമിയും പിതാവ് മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയും. ബെംഗളൂരുവില്‍ ഇന്നാരംഭിക്കുന്ന രണ്ടാം പ്രതിപക്ഷ നേതൃയോഗത്തിലേക്ക് ജെഡിഎസിനെ ക്ഷണിച്ചിട്ടില്ല. ബിഹാറിലെ പട്‌നയില്‍ നടന്ന ആദ്യ യോഗത്തിനും ജെഡിഎസിനെ ക്ഷണിച്ചിരുന്നില്ല. 24 പാര്‍ട്ടികളാണ് ഇന്ന് ബെംഗളൂരുവില്‍ ആരംഭിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം യോഗത്തില്‍ പങ്കെടുക്കുന്നത്. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലാണ് യോഗം.
രണ്ടാം പ്രതിപക്ഷ നേതൃയോഗം: ഇന്നും നാളെയുമായാണ് ബെംഗളൂരുവില്‍ രണ്ടാം പ്രതിപക്ഷ നേതൃയോഗം നടക്കുന്നത്. ബിഹാറിലെ പട്‌നയില്‍ നടന്ന ആദ്യ യോഗത്തില്‍ നിന്നും വ്യത്യസ്‌തമായി രണ്ടാം യോഗത്തിലേക്ക് ദേശീയ പാര്‍ട്ടികള്‍ക്കൊപ്പം പ്രാദേശിക പാര്‍ട്ടികളെയും ക്ഷണിച്ചിട്ടുണ്ട്. ആദ്യ യോഗത്തില്‍ ദേശീയ പാര്‍ട്ടികള്‍ക്ക് മാത്രമായിരുന്നു ക്ഷണം.
കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (ജെ), മുസ്ലിം ലീഗ് (IUML), ആര്‍എസ്‌പി (RSP), ഫോര്‍വേഡ് ബ്ലോക്ക്, വിസികെ(VCK), എംഡിഎംകെ (Marumalarchi Dravida Munnetra Kazhagam), കെഡിഎംകെ (Kongu Desa Makkal Katchi) എന്നീ പാര്‍ട്ടികള്‍ക്കായിരുന്നു യോഗത്തിലേക്ക് പുതിയതായി ക്ഷണം ലഭിച്ചിരുന്നത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യോഗത്തില്‍ , തൃണമൂല്‍ കോണ്‍ഗ്രസ് (TMC), ആം ആദ്‌മി (AAP), ജെഡിയു (JDU), എന്‍സിപി (ശരദ് പവാര്‍ പക്ഷം), സമാജ്‌വാദി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളും പങ്കെടുക്കുന്നുണ്ട്.
കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി (Sonia Gandhi), രാഹുല്‍ ഗാന്ധി (Rahul Gandhi), പ്രിയങ്ക ഗാന്ധി (Priyanka Gandhi), രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പശ്ചിമ ബംഗാള്‍, തമിഴ്‌നാട് മുഖ്യമന്ത്രിമാരായ മമതാ ബാനര്‍ജി, എംകെ സ്റ്റാലിന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കാനാണ് സാധ്യത.
ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്, എന്നിവരും രണ്ടാം പ്രതിപക്ഷ നേതൃയോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം ശരദ് പവാര്‍, അഖിലേഷ് യാദവ് എന്നിവരും യോഗത്തില്‍ എത്തുമെന്നാണ് സൂചന.