കോഴിക്കോട് : മലബാറിലെ ക്ഷീര കർഷകരിൽ നിന്നും സെപ്‌റ്റംബര്‍ ഒന്നുമുതല്‍ 30 വരെ ലഭിച്ച ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് 1.50 രൂപ അധിക വില നല്‍കാൻ മിൽമ (Milma Announces Extra Price For Dairy farmers). ഇതിനായി മലബാര്‍ മേഖല യൂണിയന്‍ മൂന്ന് കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലെ ക്ഷീര കര്‍ഷകരിലേക്ക് വരും ദിവസങ്ങളില്‍ അധിക പാല്‍വിലയായി തുക എത്തിച്ചേരും.
പാല്‍ ഉത്‌പാദന ചെലവ് ഒരു പരിധി വരെ മറികടക്കുന്നതിനാണ് അധിക വില പ്രഖ്യാപിച്ചിരിക്കുന്നത്. അധിക പാല്‍വില ക്ഷീര സംഘങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നവംബര്‍ 10 മുതല്‍ 20 വരെയുള്ള പാല്‍ വിലയോടൊപ്പം നല്‍കും. ലിറ്ററിന് 1.50 രൂപ കൊടുക്കുമ്പോള്‍, മില്‍മ ക്ഷീരസംഘങ്ങള്‍ക്ക് (Milma Dairy groups) നല്‍കുന്ന സെപ്‌റ്റംബര്‍ മാസത്തെ ശരാശരി പാല്‍ വില 46 രൂപ 94 പൈസയാകും.
വിവിധ തരം തീറ്റപ്പുല്ലിനങ്ങള്‍ക്ക് സബ്‌സിഡി ഇനത്തില്‍ മേഖല യൂണിയന്‍റെ ബജറ്റില്‍ വകയിരുത്തിയ എട്ട് കോടി രൂപ ഇതിനോടകം പൂര്‍ണമായി നല്‍കിക്കഴിഞ്ഞു. ഇപ്പോള്‍ നല്‍കുന്ന അധിക പാല്‍വില ക്ഷീര കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങാവുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി (Milma Chairman K S Mani) അഭിപ്രായപ്പെട്ടു. ആനന്ദ് മാതൃകയിലാണ് മിൽമ കർഷകരെ സഹായിക്കുന്നത്.
അമുൽ മാതൃകയാക്കാൻ മിൽമ : രാജ്യത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന ജില്ലയും ഇന്ത്യയിലെ ഏറ്റവും വലിയ എരുമപ്പാൽ ഉത്പാദകരുമാണ് ആനന്ദ് (Amul). വടക്കൻ ഗുജറാത്തിലെ സഹകരണ മേഖലയിൽ ഏറ്റവും ശക്തരായ ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡിന് (അമുൽ) ഇന്ത്യയിലുടനീളമുള്ള 200 ഡയറികളിലായി 12 ദശലക്ഷം കർഷകർ പ്രതിദിനം 20 ദശലക്ഷം ലിറ്റർ പാൽ ഉത്‌പാദിപ്പിക്കുന്നു. ഇതുവഴി ഏഷ്യയിലെ ഏറ്റവും മികച്ച പാൽ ഉത്‌പാദക സഹകരണ സംഘമായി അമുൽ മാറി. ആ വളർച്ചയെ കുറിച്ച് പഠിച്ച ശേഷമാണ് മിൽമയും കർഷക മിത്രമാകാനുള്ള ഓഫറുകളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
അടുത്തകാലത്തായി ഇതര ബ്രാൻഡുകളെ അപേക്ഷിച്ച് മിൽമ മികച്ച വിപണനം നടത്തിയിരുന്നതായി കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്‍ പറഞ്ഞിരുന്നു.