കോഴിക്കോട് : കുരുന്ന് പ്രായക്കാരിലെ പല അസാധാരണ പ്രകടനങ്ങളും നമ്മൾ കാണുന്നതാണ്. കുട്ടികൾ പല മികവുകള്‍ അവതരിപ്പിച്ചും വ്യത്യസ്‌തരാവാറുണ്ട്. അങ്ങനെ ഒരു കുരുന്നിനെ തേടിയാണ് ഞങ്ങൾ കോഴിക്കോട് പുതിയങ്ങാടിയില്‍ എത്തിയത്.
ഈ സംഭവത്തിന് ആധാരമായ കഥ ഇങ്ങനെ : മാർച്ച് 14 ന് അന്നശ്ശേരി ശ്രീ മനത്താനത്ത് നാഗകാളി ക്ഷേത്രത്തിൽ ഉത്സവമായിരുന്നു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് കരുമകൻ - കരിയാത്തൻ വെള്ളാട്ട് കെട്ടി ഒരുങ്ങിയത്. കെട്ടിയാട്ടക്കാർ കളി തുടങ്ങിയപ്പോഴാണ് തങ്ങളുടെ വാദ്യക്കാർക്ക് പുറമേ ഒരു കുഞ്ഞു ചെണ്ടക്കാരന്‍ ശ്രദ്ധയിൽപ്പെട്ടത്.
മാറി നിന്ന് അവനും തകർത്ത് കൊട്ടുകയാണ്. അല്‍പം കഴിഞ്ഞപ്പോൾ കെട്ടിയാട്ടക്കാരിൽ ഒരാൾ അവൻ്റെ ചെണ്ടയുടെ താളം ശ്രദ്ധിച്ചു. കുഴപ്പമില്ല നല്ല താള ബോധമുണ്ട്. ഇതോടെ കൈപിടിച്ച് വാദ്യക്കാരുടെ അടുത്തേക്ക് നിർത്തി. ഒരു മയവുമില്ലാതെ അവൻ കൊട്ട് തുടർന്നു. അതോടെ കെട്ടിയാട്ടക്കാരൻ കുറച്ച് കൂടി മുന്നിലേക്ക് അവനെ പിടിച്ചുകൊണ്ടു വന്നു. ആ കുഞ്ഞു കൊട്ടുകാരൻ്റെ താളത്തിനൊത്ത് ആടി.
ആട്ടത്തിൽ ലയിച്ച് കൊണ്ടുള്ള തകൃതിയായ ആ ചെണ്ടകൊട്ട് ആരൊക്കെയോ മൊബൈൽ ഫോണിൽ പകർത്തി. നിമിഷ സമയം കൊണ്ട് തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി. ഇതോടെയാണ് ഈ കുഞ്ഞു കലാകാരനെ തേടി ഞങ്ങളും ഇറങ്ങിയത്.
പുതിയങ്ങാടി സ്വദേശി പ്രബിലിന്‍റെയും അനുഷയുടെയും മകൻ മിഹാനാണ് ഈ കുഞ്ഞുതാരം. വീട്ടിൽ മിത്തു എന്ന് വിളിക്കുന്ന ഈ കുഞ്ഞിന് രണ്ട് വയസും നാല് മാസവും മാത്രമാണ് പ്രായം. അന്നശ്ശേരിയാണ് മിത്തുവിന്‍റെ അമ്മയുടെ വീട്.
ചെണ്ടകൊട്ടിന് തുടക്കം കുറിച്ചതിങ്ങനെ: ബിസിനസുകാരനായ അച്ഛനും കലക്‌ട്രേറ്റില്‍ സർവേയറായ അമ്മയും ജോലിക്ക് പോകുമ്പോള്‍ അമ്മയുടെ അന്നശ്ശേരിയിലെ വീട്ടിൽ നിർത്തിയതായിരുന്നു മിത്തുവിനെ. അമ്മാവൻ്റെ കൂടെ ഉത്സവത്തിന് പോയ മിത്തു ചെണ്ട വാങ്ങി തരാൻ ആവശ്യപ്പെട്ടു. ആദ്യം ഒരു ചെണ്ട വാങ്ങി കൊടുത്തു അത് അടിച്ചുപൊട്ടിച്ചു.
രണ്ടാമത് അതിലും വലിയ ഒരു ചെണ്ട വാങ്ങി കൊടുത്തപ്പോഴാണ് പെർഫോമൻസ് പുറത്തെടുത്തത്. മുട്ടിലിഴയുന്ന കാലത്ത് തന്നെ ചെണ്ടയോട് വലിയ താത്‌പര്യമാണ് മിത്തുവിന്. അതുകൊണ്ട് തന്നെ ഏത് ഉത്സവത്തിന് പോയാലും ഒരു ചെണ്ട വാങ്ങിപ്പിക്കും. അങ്ങനെ ഒരു കൊട്ടുകാരന്‍റെ വീട്ടിൽ ഉള്ളതിനേക്കാൾ ചെണ്ട മിത്തുവിന്‍റെ വീട്ടിലുണ്ട്.
സിനിമ കാണാനും വലിയ താത്‌പര്യമുള്ള മിത്തു കാന്താര കണ്ടതിന് ശേഷമാണ് കൂടുതൽ പെർഫോമൻസ് പുറത്തെടുത്തത്. കാന്താരയിലെ തെയ്യമാണ് മിത്തുവിന്‍റെ ദൈവം. അതുപോലെ ശബ്‌ദമുണ്ടാക്കാനും ശ്രമിക്കും.
അതിന് പുറമേ മാളികപ്പുറം സിനിമ ഇരുന്ന് കണ്ടതിന് ഒരു കണക്കുമില്ല. ഇതിനൊപ്പം മൃഗങ്ങളോടും വലിയ താത്‌പര്യമാണ്. കുതിര സവാരിയിലാണ് മിത്തു മറ്റൊരാനന്ദം കണ്ടെത്തുന്നത്. എന്തായാലും കുടുംബത്തിൽ അറിയപ്പെടുന്ന കലാകാരന്മാർ ഒന്നും ഇല്ലാത്തതുകൊണ്ടുതന്നെ ഈ കുഞ്ഞുമോൻ അവർക്ക് അത്ഭുതമാണ്.
ഭാവിയിൽ ചെണ്ടയും മറ്റ് വാദ്യോപകരണങ്ങളും പഠിപ്പിക്കണം എന്നതാണ് വീട്ടുകാരുടെ ആഗ്രഹം. ബാക്കിയെല്ലാം അവൻ്റെ ഇഷ്‌ടം പോലെയെന്നും അവർ പറയുന്നു.