കോഴിക്കോട്: ജില്ലയില്‍ ജനങ്ങൾക്കിടയിൽ ആശങ്ക ഉയർത്തി തുടർച്ചയായ നാലാം ദിവസവും ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്. മുക്കം മേഖലയിൽ തുടർച്ചയായ നാല് ദിവസങ്ങളിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ആയത് നാലോളം വനിത ആരോഗ്യപ്രവർത്തകർ. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മണാശ്ശേരി സ്വദേശിനി, മെഡിക്കൽ കോളജിൽ ഫാർമസിസ്റ്റ് ആണ്. മറ്റൊരു ജീവനക്കാരിയായ കാരശ്ശേരി കുറ്റിപറമ്പ് സ്വദേശിനിയാണ് വ്യാഴാഴ്ച രോഗബാധിതയായത്. ബുധനാഴ്ച രോഗം സ്ഥിരീകരിച്ച കച്ചേരി സ്വദേശിനിയും സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ്.
ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച ചേന്നമംഗല്ലൂർ സ്വദേശിനി ആയുർവേദ ഹോസ്പിറ്റലില്‍ ജീവനക്കാരിയാണ്. തുടർച്ചയായി ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിക്കുന്നത് ജനങ്ങൾക്കിടയിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. നിലവിൽ മലയോരമേഖലയിൽ കൂടരഞ്ഞി പഞ്ചായത്തിലെ മുഴുവൻ വാർഡുകൾ ഉൾപ്പെടെ മലയോരത്തെ വിവിധ പഞ്ചായത്തുകളിലെ പല വാർഡുകളും കണ്ടെയിൻമെന്‍റ് സോണാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ ലിസ്റ്റിൽ നിന്നും ഇനിയും നിരവധി പരിശോധനഫലങ്ങൾ വരാനിരിക്കെ ജനങ്ങൾ ഭീതിയിലാണ്.