കോഴിക്കോട് : പട്ടിയുണ്ട് സൂക്ഷിക്കുകയെന്ന ബോർഡ് പോലെ മാവൂർ വില്ലേജ് ഓഫിസിന് മുന്നിൽ പാമ്പ് കടിയേൽക്കാതെ സൂക്ഷിക്കണം എന്ന നിര്‍ദേശം തൂങ്ങേണ്ട സമയം അതിക്രമിച്ചെന്ന് നാട്ടുകാര്‍. ഓഫിസിന്‍റെ നാലുപാടും കാടുപിടിച്ചുകിടക്കുകയാണ്. പാറമ്മലിലാണ് വില്ലേജ് ഓഫിസ്.
പരിചയമില്ലാത്ത ആരെങ്കിലും സ്ഥലത്ത് എത്തിപ്പെട്ടാൽ പെട്ടെന്ന് ഓഫിസ് തിരിച്ചറിയാൻ പോലും കഴിയാത്ത സാഹചര്യമാണ്. ഏകദേശം 65 സെന്‍റ് സർക്കാർ ഭൂമിയിൽ സ്വന്തം കെട്ടിടത്തിൽ സ്ഥിതിചെയ്യുന്ന മാവൂർ വില്ലേജ് ഓഫിസിന് ചുറ്റും കാട് വളർന്നിരിക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് മുറിച്ച മരത്തടികൾ മാറ്റാതെയിട്ടിരിക്കുകയുമാണ്.
ALSO READ: 'പ്രേതങ്ങള്‍ വിവാഹിതരാകുന്ന' ഇടമുണ്ട് കേരളത്തില്‍ ; സര്‍വത്ര വിചിത്രം,കൗതുകകരം
ഓഫിസിന് മുന്നിലെ മുറിച്ചിട്ട മരങ്ങൾ ലേലം ചെയ്‌ത് വിൽക്കാനോ ഓഫിസിന് മുന്നിൽനിന്ന് എടുത്ത് മാറ്റാനോ അധികൃതർ തയ്യാറായിട്ടില്ല. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഓഫിസിന് പുറത്ത് നിർത്തിയാണ് ജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കുന്നത്.
വില്ലേജ് ഓഫിസറെയും ക്ലാർക്കുമാരെയും കാണുന്നതിനുവേണ്ടി കെട്ടിടത്തിന്‍റെ പിറകുവശത്താണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടെ മുഴുവൻ കാട് നിറഞ്ഞതിനാൽ ആളുകൾ ഭീതിയോടുകൂടിയാണ് ഇവിടെയെത്തുന്നത്. സ്ഥലമേറെയുണ്ടെങ്കിലും കാടുപിടിച്ചതിനാല്‍ വാഹനങ്ങൾ പാർക്ക് ചെയ്യാനും പറ്റാത്ത സാഹചര്യമാണ്.