കോഴിക്കോട് : സിൽവർ ലൈൻ കല്ലിടലിനെതിരെ കല്ലായിയിൽ വൻ പ്രതിഷധം. വീട്ടുമുറ്റത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. സ്ഥലത്തെത്തിയ യുവമോർച്ച പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. യുവമോർച്ച പ്രവർത്തകർ കെ റെയിൽ സര്‍വേ കല്ല് പിഴുതെറിഞ്ഞു. ആരാധനാലയങ്ങളടക്കം സ്ഥിതി ചെയ്യുന്ന മേഖലയിലേക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ കല്ലിടാനായി ഉദ്യോഗസ്ഥരെത്തിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
കല്ലായിയുടെ പടിഞ്ഞാറൻ മേഖലയിലാണ് കല്ലിടാനായി ഉദ്യോഗസ്ഥരെത്തിയത്. റവന്യൂ ഭൂമിയിൽ മൂന്ന് കല്ലുകൾ സ്ഥാപിച്ച ശേഷം ജനവാസ മേഖലയിലേക്ക് ഉദ്യോഗസ്ഥർ കടന്നതോടെയാണ് വൻ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയത്. ഉദ്യോഗസ്ഥർ സ്ഥാപിച്ച കല്ലുകൾ നാട്ടുകാർ പിഴുതെറിഞ്ഞു.
Also Read:- 'ആർക്കും വേണ്ടാത്ത പദ്ധതി എന്തിന്'; കല്ല് പിഴുതെറിഞ്ഞ് ബിജെപി
ഗേറ്റ് അടച്ച ശേഷം വീട്ടുമുറ്റത്ത് കല്ലിട്ടതിന് പിന്നാലെ, ചാടിക്കടന്നെത്തിയ യുവമോർച്ച പ്രവർത്തകർ കല്ല് പിഴുതു. കല്ലിടാനായി സമീപമുള്ള വീടുകളിലേക്ക് കടന്ന പൊലീസിനെയും ഉദ്യോഗസ്ഥരെയും നാട്ടുകാർ തടഞ്ഞു. ഇതോടെ കല്ലിടൽ താൽക്കാലികമായി നിർത്തിവച്ചു.