കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ച കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. കേസിൽ യു.എ.പി.എ നിലനിൽക്കില്ലെന്നും പൊലീസ് പിടിച്ചെടുത്ത ലഘുലേഖ മാവോയിസ്റ്റ് പ്രസ്ഥാനം ഇറക്കിയതാണെന്ന് സാധൂകരിക്കാൻ ആവശ്യമായ തെളിവില്ലെന്നും ഇന്നലെ പ്രതിഭാഗം വാദിച്ചിരുന്നു.
പ്രതികൾക്ക് മേൽ ചുമത്തിയിട്ടുള്ളത് യു.എ.പി.എ സെക്ഷൻ 20, 38, 39 വകുപ്പുകളാണ്. രാജ്യദ്രോഹ പ്രസ്ഥാനങ്ങളിൽ അംഗത്വമുള്ളവർക്കെതിരേ ചുമത്തേണ്ടതാണിത്. കുറ്റാരോപിതര്‍ക്ക് സിപിഐ മാവോയിസ്റ്റിൽ അംഗത്വമുള്ളതായി തെളിവില്ലെന്നും ഇന്നലെ പ്രതിഭാഗം കോടതിയെ അറിയിച്ചു. നേരത്തെ ക്രിമിനൽ പാശ്ചാത്തലം ഇല്ലാത്തതിനാൽ നിയമപരമായുള്ള സംരക്ഷണം നല്‍കണം. വിദ്യാർഥികളാണെന്നതിനാൽ മാനുഷിക പരിഗണനയും നൽകി ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം ഇന്നലെ പ്രധാനമായും വാദിച്ചിരുന്നത്. ഇന്ന് ജാമ്യം ലഭിച്ചില്ലെങ്കിൽ മേൽക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.