കോഴിക്കോട് : യുവാവിനെ കടലിൽ കാണാതായതായി സംശയം. വ്യാഴാഴ്‌ച രാത്രി 10 മണിയോടെയാണ് സംഭവം. കൊയിലാണ്ടി സ്വദേശി പുതിയ പുരയിൽ അനൂപിനെയാണ് (സുന്ദരന്‍) കടലിൽ കാണാതായതായി വിവരം ലഭിച്ചത്.
ഹാർബറിന് തെക്കുവശം ഏകദേശം 500 മീറ്റർ അകലെവച്ചാണ് യുവാവിനെ കാണാതായത്. കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പൊലീസും സ്ഥലത്തുണ്ട്.
നദികളിൽ പതിയിരിക്കുന്ന അപകടം : കോഴിക്കോട് ഉൾപ്പടെ മലബാർ മേഖലയിൽ മഴ കനത്ത സാഹചര്യത്തിൽ പലയിടത്തും നദികൾ നിറഞ്ഞൊഴുകുകയും കടലാക്രമണം രൂക്ഷമാവുകയും ചെയ്‌തിരുന്നു. ജൂൺ നാലിന് കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിൽ ഒരാളെ കാണാതായിരുന്നു. കൊടിയത്തൂർ സ്വദേശിയെയാണ് കാണാതായതെന്ന സംശയത്തിൽ ഫയർഫോഴ്‌സിന്‍റെ നേതൃത്വത്തിൽ മൂന്ന് ദിവസമായി നദിയിൽ തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഇതിന് പുറമെ മോന്താൽകടവിലും ഒരാളെ കാണാതാവുകയും അഗ്നിരക്ഷാസേനയും പൊലീസും തെരച്ചിൽ നടത്തുകയും ചെയ്‌തിരുന്നു.
also read : Man Missing | കനത്ത മഴ ; ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി, ഫയർഫോഴ്‌സ് തെരച്ചിൽ തുടരുന്നു
കടലാക്രമണം രൂക്ഷം : അതേസമയം വാക്കടവിലും കപ്പലങ്ങാടിയിലും കടുക്ക ബസാറിലും കടൽക്ഷോഭം രൂക്ഷമാണ്. നൂറ് കണക്കിന് വീടുകളിലാണ് പ്രദേശത്ത് വെള്ളം കയറിയത്. കടൽ ഭിത്തി തകർന്നയിടങ്ങളിൽ വലിയ നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌തതിന് പുറമെ നിരവധി തീരദേശവാസികളെ ഇവിടെ നിന്നും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു.
കാപ്പാട് ബീച്ചിലേക്കുള്ള റോഡ് കടലാക്രമണത്തിൽ പൂർണമായും തകർന്നു. പ്രദേശത്ത് വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ ഗതാഗതവും തടസപ്പെട്ടിരുന്നു. തീരദേശ മേഖലയിലുള്ള മത്സ്യത്തൊഴിലാളികൾ ജാഗ്രത തുടരണമെന്ന് ഇന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലാക്രമണത്തെ തുടർന്ന് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് ഇപ്പോഴും തുടരുകയാണ്. ബീച്ചുകളിലേക്കുള്ള സന്ദർശകരുടെ പ്രവാഹവും നിയന്ത്രിച്ചിരുന്നു.
മത്സ്യത്തൊഴിലാളികൾക്ക് മാർഗ നിർദേശങ്ങൾ : മത്സ്യത്തൊളിലാളികൾ മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അല്ലാത്ത പക്ഷമാണ് അപകടങ്ങൾ ഉണ്ടാകുന്നതെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. തീരദേശത്തിന് പുറമെ മലയോര മേഖലയിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ഇന്ന് ഓറഞ്ച് അലർട്ടാണുള്ളത്. ജില്ലയിൽ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
സാധാരണയേക്കാൾ നാലിരട്ടി മഴയാണ് കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിൽ ലഭിച്ചതെന്നും നിലവിൽ മഴയുടെ ശക്തി കുറയുകയും ജില്ലയിൽ ഗുരുതരമായ ദുരന്ത സാഹചര്യമില്ലെന്ന് സർക്കാർ അറിയിച്ചിട്ടുമുണ്ടെങ്കിലും മലയോര മേഖലക്കാർ ജാഗ്രത തുടരാൻ തന്നെയാണ് നിർദേശം.