കോഴിക്കോട്: കഞ്ചാവ് കേസ് ഉള്‍പ്പെടെ എട്ട് അബ്‌കാരി കേസുകളിലെ പ്രതി എട്ട് ലിറ്റര്‍ വിദേശമദ്യവുമായി അറസ്റ്റില്‍. തമിഴ്‌നാട് തിരുച്ചിറെ സ്വദേശി മണി(37)യെയാണ് എക്‌സൈസ് പ്രിവന്‍റീവ് ഓഫീസര്‍ സി.പി.ഷാജിയും സംഘവും അറസ്റ്റ് ചെയ്‌തത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വിലങ്ങാട് ടൗണില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വിലങ്ങാട് ജോലിക്കെത്തിയ പ്രതി 2007 മുതല്‍ മേഖലയില്‍ വിദേശമദ്യമെത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. വളയം പൊലീസ് സ്‌റ്റേഷനിലും നാദാപുരം എക്‌സൈസിലും ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.
2019 ഡിസംബറില്‍ വിലങ്ങാട് നിന്നും വില്‍പനക്കെത്തിച്ച മൂന്ന് ലിറ്റര്‍ വിദേശമദ്യവുമായി പ്രതിയെ നാദാപുരം എക്‌സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ രണ്ട് ദിവസം മുമ്പാണ് പ്രതി ജാമ്യത്തിലിറങ്ങിയത്. പ്രതിയെ രണ്ടാഴ്‌ചത്തേക്ക് റിമാന്‍ഡ് ചെയ്‌ത് കോഴിക്കോട് ജില്ലാ ജയിലിലേക്ക് അയച്ചു.