കോഴിക്കോട്: പറമ്പിൽ ബസാറിലെ മമ്മാസ് ആൻഡ് പപ്പാസ് തുണിക്കട കത്തിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. താമരശ്ശേരി മഞ്ചു ചിക്കൻ സ്റ്റാൾ ഉടമ റഫീക്കാണ് പൊലീസ് പിടിയിലായത്. ഏപ്രിൽ എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം. കുരുവട്ടൂർ സ്വദേശിയുടെ പറമ്പിൽ ബസാറിലെ രണ്ടു നിലയുള്ള റെഡിമെയ്ഡ് ഷോറൂം പുലർച്ചെ എത്തിയ സംഘം തീ വെച്ച് നശിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു.
ALSO READ:സഭയിലുയരുക ടിപി ചന്ദ്രശേഖരന്‍റെ ശബ്ദമെന്ന് കെകെ രമ
ഉദ്‌ഘാടനം കഴിഞ്ഞ് മൂന്നാം ദിവസമാണ് കടയ്‌ക്ക് തീയിട്ടത്. ഒന്നര കോടിയോളം രൂപയുടെ നാശനഷ്ടങ്ങളാണ് കടയിലുണ്ടായത്. തുടർന്ന് കടയുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചേവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിക്കുകയായിരുന്നു. അന്വേഷണത്തെ തുടർന്ന് വിദേശത്തേക്ക് കടന്ന റഫീക്കിന് വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് എയർ ഇന്ത്യ വിമാനത്തിൽ കഴിഞ്ഞ ദിവസം നെടുമ്പാശേരിയിലെത്തിയ റഫീക്കിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചേവായൂർ സ്റ്റേഷനിൽ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ALSO READ:സംസ്ഥാനത്ത് ബുധനാഴ്‌ച വരെ ശക്തമായ മഴ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
റഫീക്കിനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ച താമരശ്ശേരി സ്വദേശി നൗഷാദിനെ പൊലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോകാനുപയോഗിച്ച ആഡംബര കാറും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മുഖ്യ പ്രതിക്ക് കടയുടമയുടെ ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകളിൽ കടയുടമ ഇടപ്പെട്ടതിലുള്ള വിരോധമാണ് കട നശിപ്പിക്കാൻ പ്രേരണയായത്.