എസ്.ഡി.പി.ഐ ബന്ധത്തെ കുറിച്ച് തുറന്നടിച്ച് മുസ്ലീം ലീഗ് നേതാവ് എം.കെ.മുനീർ. ലോക്സഭ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയുടെ വോട്ട് യുഡിഎഫിന് വേണ്ടന്നും, തീവ്രവാദ സംഘടനകളുടെ സഹായം തേടുന്നതിലും ഭേദം പാർട്ടി പിരിച്ചുവിടുന്നതാണെന്നും മുനീർ പറഞ്ഞു.
ആർ.എസ്സ്.എസ്സിനെ എതിർക്കുന്നത് പോലെ തന്നെ എസ്.ഡി.പി.ഐയേയും എതിർക്കുമെന്നും ആരെങ്കിലും വഴിയെ പോകുമ്പോൾ കൈ പിടിച്ച് കുലുക്കിയാല്‍ നിലപാട് മാറില്ലെന്നും എം.കെ.മുനീർ വ്യക്തമാക്കി. അതേസമയം പറപ്പൂർ പഞ്ചായത്തില്‍ എസ്.ഡി.പി.ഐയുമായുള്ള ബന്ധം അവസാനിക്കിപ്പാൻ സി.പി.എം തയ്യാറാകുമോ എന്ന് വ്യക്തമാക്കണമെന്നും മുനീർ പറഞ്ഞു.
നേരത്തെ പൊന്നാനി മണ്ഡലത്തിലെ ലീഗ് സ്ഥാനാർഥി ഇ.ടി മുഹമ്മദ് ബഷീർ എസ്.ഡി.പി.ഐ നേതാക്കളുമായി ചർച്ച നടത്തിയെന്ന് ആരോപണമുയർന്നിരുന്നു. എന്നാല്‍ എസ്.ഡി.പി.ഐയുമായി ഒരു രീതിയിലുള്ള ചർച്ചകളും നടത്തിയിട്ടില്ലെന്നും ഹോട്ടലില്‍ വച്ച് യാദൃശ്ചികമായാണ് എസ്.ഡി.പി.ഐ നേതാക്കളെ കണ്ടതെന്നും ഇ.ടി.മുഹമ്മദ് ബഷീർ വ്യക്തമാക്കിയിരുന്നു.
കണ്ണൂരില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അക്രമരാഷ്ട്രീയത്തിന് കടിഞ്ഞാണിടാൻ യു.ഡി.എഫ് സ്ഥാനാർഥിയായ കെ.സുധാകരൻ ജയിക്കേണ്ടത് അനിവാര്യമാണെന്നും എം.കെ.മുനീർ പറഞ്ഞു.