കോഴിക്കോട് : 'ഇന്നത്തെ നഷ്‌ടം നാളത്തെ ലാഭം. ഇത് ഞാന്‍ എടുക്കുന്നു. നിങ്ങളെ ദൈവം തുണയ്‌ക്കട്ടെ. ദൈവം ഉണ്ടെന്ന് എനിക്ക് മനസിലായി. എന്നോട് ക്ഷമിക്കണം. ഈ കടം ഞാന്‍ എന്നെങ്കിലും തീര്‍ക്കും. നിങ്ങളെ ഈശ്വരന്‍ രക്ഷിക്കും. അതെന്‍റെ വാക്ക്. ചതിക്കില്ല ഉറപ്പ്, ബൈ...' നഷ്‌ടപ്പെട്ട പേഴ്‌സ് തിരികെ ലഭിച്ചപ്പോള്‍ മാവൂര്‍ സ്വദേശിയായ അതുല്‍ ദേവിന് പേഴ്‌സില്‍ നിന്ന് കിട്ടിയ കത്താണിത് (lost purse found with a letter goes viral in Kozhikode).
ഈ കത്താണ് ഇപ്പോള്‍ നാട്ടിലെ ചര്‍ച്ചാവിഷയം. ക്ഷേത്രത്തില്‍ നിന്ന് പൂജ കഴിഞ്ഞ് മടങ്ങും വഴിയാണ് മാവൂര്‍ പൈപ്പ് ലൈനിലെ പറമ്പത്ത് ഇല്ലത്ത് അതുല്‍ദേവിന് തന്‍റെ പേഴ്‌സ് നഷ്‌ടമാകുന്നത്. വീട്ടിലെത്തിയപ്പോഴാണ് അതുല്‍ ദേവ് വിവരം അറിഞ്ഞത്.
ലൈസന്‍സ്, എടിഎം കാര്‍ഡ്, ആധാര്‍ തുടങ്ങി വിലപ്പെട്ട രേഖകളെല്ലാം പേഴ്‌സിനകത്ത്. താന്‍ നടന്ന വഴിയത്രയും അതുല്‍ദേവ് പേഴ്‌സ് തെരഞ്ഞു. കിട്ടാതെ വന്നതോടെ പൊലീസില്‍ പരാതി നല്‍കി. സോഷ്യല്‍ മീഡിയ വഴിയും അതുല്‍ദേവ് വിവരം പങ്കുവച്ചു.
പിന്നീട് സംഭവിച്ചത് ഇങ്ങനെ: മാവൂർ പൈപ്പ് ലൈനിലെ വിമലാലയം കോൺവെന്റിന്റെ പരിസരത്ത് വച്ചാണ് പേഴ്‌സ് ഒരു പ്രദേശവാസിക്ക് കിട്ടുന്നത്. പണം നഷ്‌ടപ്പെട്ടെങ്കിലും ലൈസൻസും എടിഎം കാർഡും ആധാറും തിരികെ ലഭിച്ച സന്തോഷത്തിലാണ് അതുൽ ദേവ്. പേഴ്‌സിനൊപ്പം ലഭിച്ച കത്തിലെ വാക്യങ്ങളും പണം നഷ്‌ടപ്പെട്ട വിഷമം ഇല്ലാതാക്കുന്ന വിധത്തിലുള്ളതാണ്. തന്നെ ദൈവം അനുഗ്രഹിക്കട്ടെ എന്നു പറഞ്ഞ ആ വ്യക്തിക്കും എല്ലാ നന്മകളും നേരുകയാണ് അതുൽ ദേവ്.
പണം എടുത്ത ആള്‍ക്ക് എന്തോ അത്യാവശ്യം ഉണ്ടെന്ന് കത്തിലെ വാക്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ദൈവം ഉണ്ട് എന്ന് എനിക്ക് മനസിലായി എന്ന വരികളില്‍ നിന്നാണ്
അതിന്‍റെ സൂചന ലഭിച്ചത് എന്ന് അതുല്‍ ദേവ് പറയുന്നു. അത്യാവശ്യക്കാരനെ അറിഞ്ഞുകൊണ്ടല്ലെങ്കിലും സഹായിക്കാനായതിന്‍റെ ചാരിതാര്‍ഥ്യമാണ് അതുല്‍ദേവിന്‍റെ മുഖത്ത്. ഏതായാലും അതുൽ ദേവിന്‍റെ പേഴ്‌സും ഒപ്പം ലഭിച്ച കത്തുമാണ് ഇപ്പോൾ നാട്ടിലെ ചർച്ച വിഷയം.