കോഴിക്കോട്: അപകടങ്ങളൊഴിയാതെ താമരശ്ശേരി ചുരം. കഴിഞ്ഞ ദിവസങ്ങളിലായി ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ചുരത്തിലുണ്ടായത്. ഇന്നലെ രാത്രിയും ചുരം ഒന്‍പതാം വളവില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റി വന്ന ലോറി അപകടത്തില്‍പ്പെട്ടു.
മൈസൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകും വഴിയാണ് നിയന്ത്രണം വിട്ട ലോറി അമ്പത് മീറ്റര്‍ താഴ്‌ചയിലേക്ക് മറിഞ്ഞത്. രാത്രി 12.30ഓടെയായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവര്‍ രവികുമാറിനെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അമ്പത് മീറ്റര്‍ താഴ്‌ചയിലേക്ക് മറിഞ്ഞ ലോറിയില്‍ നിന്ന് സ്വയം പുറത്ത് കടന്ന ഡ്രൈവര്‍ റോഡിലേക്ക് വരികയായിരുന്നു. വിവരമറിഞ്ഞ് ഫയര്‍ ഫോഴ്‌സ്, ഹൈവേ പൊലീസ്, അടിവാരം ഔട്ട് പോസ്റ്റ് പൊലീസ് ചുരം സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ഷൗക്കത്ത് എന്നിവരും സ്ഥലത്തെത്തി. ഡ്രൈവര്‍ ഉറങ്ങി പോയതാണോ ലോറിയുടെ നിയന്ത്രണം നഷ്‌ടപ്പെടാന്‍ കാരണമായത് എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണ് പൊലീസ്.
ചുരത്തില്‍ നിലവില്‍ ഗതാഗത തടസങ്ങള്‍ ഒന്നുമില്ല. അപകടത്തെ തുടര്‍ന്ന് സ്ഥലത്തെ തെറിച്ച് വീണ ഗ്യാസ് സിലിണ്ടറുകള്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി മാറ്റിയതിന് ശേഷം ലോറി താഴ്‌ചയില്‍ നിന്ന് ഉയര്‍ത്തി.