കോഴിക്കോട്: രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതോടെ ഒഴിഞ്ഞ് കിടക്കുന്ന വയനാട് ലോക്‌സഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. മുന്നൊരുക്കങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്ത്. ഇതിന്‍റെ ഭാഗമായി കോഴിക്കോട് കലക്‌ടറേറ്റില്‍ സൂക്ഷിച്ചിരിക്കുന്ന ഇലക്ട്രോണിക്‌സ് വോട്ടിങ് മെഷീനുകളിൽ പരിശോധന നടത്തി.
രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മോക് പോളിങ് നടത്തി. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദേശ പ്രകാരമാണ് പ്രാഥമിക നടപടിക്രമം നടന്നത് എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്‌ടറുടെ നേതൃത്വത്തിലാണ് മോക് പോളിങ് നടന്നത്.
ജില്ല കോൺഗ്രസ് കമ്മിറ്റിക്ക് തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് ലഭിച്ച കത്തിന്‍റെ അടിസ്ഥാനത്തിൽ ഡിസിസി ജനറൽ സെക്രട്ടറി ബിനീഷ് കുമാറാണ് മോക് പോളിങ്ങിൽ പങ്കെടുത്തത്. അയോഗ്യത കേസിൽ സൂറത്ത് സെഷന്‍സ് കോടതി രാഹുല്‍ ഗാന്ധിയുടെ അപ്പീൽ തള്ളിയതോടെ കേസ് ഹൈക്കോടതിയിലാണ്.
അവധി കഴിഞ്ഞ് കോടതി ചേരുന്നതോടെ വിധി പറയും. എന്നാൽ രാഹുലിനെതിരെ നടത്തുന്ന നീക്കത്തിന്‍റെ ഭാഗമായാണ് മോക് പോളിങ് പെട്ടെന്ന് നടത്തിയതെന്നും ഇത് സംശയാസ്‌പദവും ദുരൂഹവുമാണെന്നാണ് കോൺഗ്രസ് ആരോപണം. കർണാടക നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം വയനാട്ടിലും പ്രഖ്യാപനമുണ്ടാകുമെന്ന് ചില അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ നടപടി ക്രമങ്ങൾ പൂർത്തിയാകാത്തത് കൊണ്ട് അന്ന് പ്രഖ്യാപനമുണ്ടായില്ല.
ഇനി പ്രഖ്യാപനം ഉണ്ടായാൽ ആര് സ്ഥാനാർഥിയാകും എന്നതും ശ്രദ്ധേയമാണ്. സഹോദരി പ്രിയങ്ക ഗാന്ധി വയനാട്ടിൽ അങ്കത്തിനിറങ്ങുമോ? ഉറച്ച മണ്ഡലത്തിൽ കണ്ണുംനട്ടിരിക്കുന്ന കേരളത്തിലെ നേതാക്കളുടേയും ഗ്രൂപ്പിൻ്റേയും മനസിലെന്താണ്? കേന്ദ്രത്തിൽ ബിജെപിക്കെതിരെ നിലപാട് ശക്തമാക്കുന്ന ഇടതുപക്ഷത്തിൻ്റെ നിലപാട് എന്തായിരിക്കും? എന്തായാലും വോട്ടിങ് യന്ത്രങ്ങളിലെ പൊടി തട്ടിയതോടെ വയനാടും പൊടി പാറ്റാനുള്ള ഒരുക്കത്തിലേക്ക് കടക്കുകയാണ്.
മോദി പരാമര്‍ശവും പിന്നാലെയുണ്ടായ അയോഗ്യനാക്കലും: 2019 ഏപ്രില്‍ 13നാണ് രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ടതിന് കാരണമായ പരാമര്‍ശമുണ്ടായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ കോലാറിലുണ്ടായ പ്രചാരണത്തിനിടെ എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദിയെന്നുണ്ടായതെന്നും റാലിക്കിടെ രാഹുല്‍ ഗാന്ധി ചോദിച്ചു. നീരവ് മോദ്, ലളിത് മോദി, നരേന്ദ്ര മോദി എന്നിങ്ങനെ എല്ലാവരുടെയും പേരില്‍ മോദിയുണ്ട്. ഇനിയും ഇതുപോലെ നിരവദി മോദിമാര്‍ വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഈ പരാമര്‍ശമാണ് രാഹുല്‍ ഗാന്ധിക്കെതിയുണ്ടായ കേസിനും എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുപ്പെടാനും കാരണമായത്. പരാമര്‍ശത്തിന് പിന്നാലെ ബിജെപി നേതാവായ പൂര്‍ണേഷ് മോദിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഏറെ വിവാദങ്ങള്‍ വഴിയൊരുക്കിയ കേസിന് പിന്നാലെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കലും ജയില്‍ ശിക്ഷ വിധിയുമെല്ലാം ഉണ്ടായി.
പൂര്‍ണേഷ് മോദിയുടെ പരാതിയില്‍ രാഹുല്‍ ഗാന്ധിക്ക് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. എന്നാല്‍ കേസില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ 30 ദിവസത്തെ ഇടവേള നല്‍കിയ കോടതി രാഹുല്‍ ഗാന്ധിക്ക് 15,000 രൂപയുടെ ജാമ്യം അനുവദിച്ചു. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ശിക്ഷാ നടപടികള്‍ മരവിപ്പിച്ചെങ്കിലും വിധി നിലനില്‍ക്കുന്നതിനാല്‍ എംപി സ്ഥാനത്ത് നിന്ന് അദ്ദേഹം അയോഗ്യനാക്കപ്പെടുകയായിരുന്നു.
more read: 'മോദി' പരാമര്‍ശം: രാഹുല്‍ ഗാന്ധിയ്‌ക്ക് ഇടക്കാല ആശ്വാസം, നടപടികള്‍ നിര്‍ത്തിവച്ച് പട്‌ന ഹൈക്കോടതി