കോഴിക്കോട്: സ്‌നേഹിച്ച യുവാവിനൊപ്പം വീട് വിട്ടിറങ്ങിയതിന് വീട്ടുകാര്‍ ക്വട്ടേഷന്‍ സംഘത്തെ ഇറക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് കമിതാക്കളുടെ ഫെയ്ബുക്ക് വീഡിയോ. നാദാപുരം മുടവന്തേരി സ്വദേശിനി ആലിയയും കാമുകന്‍ മുഹമ്മദുമാണ് ഫെയ്‌സ്ബുക്ക് വീഡിയോ ഭീഷണിക്കാര്യം പുറത്തു പറഞ്ഞത്. മുഹമ്മദുമായി പ്രണയത്തിലായിരുന്ന ആലിയ കഴിഞ്ഞ ദിവസമാണ് സ്വന്തം വീട് വിട്ടിറങ്ങിയത്.
തുടര്‍ന്ന് വീട്ടുകാര്‍ നാദാപുരം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് മിസിങ്ങ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടയില്‍ ഒരു സംഘം മുഹമ്മദിന്‍റെ അമ്മാവന്‍റെ വീട്ടിലെത്തുകയും വീട് ആക്രമിക്കുകയും ചെയ്‌തു. അക്രമത്തിൽ വീട്ടിലെ സ്‌ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. അക്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കുകയും വീട്ടുകാരുടെ പരാതിയില്‍ 19 പേരുള്‍പ്പെടെ കണ്ടാലറിയാവുന്ന 29 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊലീസ് പ്രതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് മുഴുവന്‍ പേര്‍ക്കെതിരെയും കേസെടുത്തത്. ഇതിന് പിന്നാലെയാണ് കമിതാക്കൾ ചേര്‍ന്ന് ഫെയ്‌സ് ബുക്ക് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. പ്രായപൂര്‍ത്തിയായതിന് ശേഷം സ്വന്തം ഇഷ്‌ടപ്രകാരമാണ് വീട് വിട്ടിറങ്ങിയതെന്നും മുഹമ്മദിന്‍റെ സഹോദരിയുടെ കുട്ടിയുടെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപെടുത്തിയതായും വീട് ആക്രമിച്ചതായും തങ്ങളെ കയ്യില്‍ കിട്ടിയാല്‍ കൊല്ലുമെന്നും യുവതി പറയുന്നുണ്ട്. ഒരാഴ്ചയായി വീട് വിട്ടിറങ്ങിയിട്ടെന്നും നിക്കാഹ് ചെയ്ത് തരുന്നില്ലെന്നും നാട്ടിലിറങ്ങിയാല്‍ കൊല്ലുമെന്നുമാണ് വീഡിയോയിൽ യുവതി പറയുന്നത്.