കോഴിക്കോട് : മോന്‍സൺ മാവുങ്കലിന്‍റെ അടുത്ത് ചികിത്സയുമായി ബന്ധപ്പെട്ട് പോയിട്ടുണ്ടെന്നതല്ലാതെ മാധ്യമങ്ങൾ പറയുന്നത് പോലൊരുബന്ധം അദ്ദേഹവുമായി ഇല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരൻ. തെറ്റ് ചെയ്‌താൽ തുറന്നുപറയുന്ന ആളാണ് താൻ. ഫോട്ടോകളിൽ കാണുന്ന പ്രമുഖരോട് മാധ്യമങ്ങൾ ഇക്കാര്യം ചോദിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
'തന്നെ കാണിച്ച് പണമിടപാട് നടത്തിയെന്ന് സംശയമുണ്ട്'
മോന്‍സണിനെതിരെ നിയമ നടപടിയ്ക്ക് ശ്രമിക്കും. ഇയാളുടെ കൈയ്യിൽ നിന്നും ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല. അദ്ദേഹം ഒരു ഒരു കള്ളനാണെന്ന് വ്യക്തമായി. പൊലീസുകാരും വി.ഐ.പികളും ക്യാമ്പ് ചെയ്യുന്ന ഒരിടത്ത് ചികിത്സയ്ക്കാണ് പോയിട്ടുള്ളത്.
ബെന്നി ബഹനാൻ പറയുന്നത് പോലെ എന്ത് ജാഗ്രത ആണ് പാലിക്കേണ്ടിയിരുന്നത്. പാതിരാത്രിയിൽ അല്ല മോൻസണിന്‍റെ അടുത്ത് പോയത്. വ്യാജ ചികിത്സ നടത്തിയതിന് കേസ് കൊടുക്കണ്ട എന്ന് തീരുമാനിച്ചിരുന്നു. പക്ഷേ, ആരോപണം ഉയരുന്ന സാഹചര്യത്തിൽ നടപടികൾ സ്വീകരിക്കും.
തന്നെ കാണിച്ച് പണമിടപാട് നടത്തി എന്ന് സംശയിക്കുന്നുണ്ട്. എന്നാൽ അതുമായി ബന്ധപ്പെട്ട് ഒരാൾ പോലും വിളിച്ചിട്ടില്ല. പ്രതിക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കും. മന്ത്രിമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും പേര് പുറത്തുവന്നിട്ടുണ്ട്. എന്തുകൊണ്ട് മാധ്യമങ്ങൾ അതൊന്നും അന്വേഷിക്കുന്നില്ല.
'കോൺഗ്രസ് ജന്മദിനത്തിൽ സി.യു.സികൾ രൂപീകരിക്കും'
കോൺഗ്രസിന്‍റെ തിരിച്ചുവരവ് സി.പി.എമ്മിനെ ഭയപ്പെടുത്തുന്നുണ്ട്. പാര്‍ട്ടിയുടെ മാറ്റം സി.പി.എമ്മിനുള്ളില്‍ ആശങ്ക പരത്തുന്നുണ്ട്. സർക്കാർ സുരക്ഷിതത്വം നല്‍കുന്ന പ്രതിയാണ് മോന്‍സൺ. തനിക്കെതിരെ തെളിവുകൾ കണ്ടെത്തിയാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും.
പാര്‍ട്ടി സർവേ റിപ്പോർട്ടിൽ പറയുന്നത് പ്രകാരം താഴെ തട്ടിൽ കോൺഗ്രസ് ശക്തമല്ലെന്ന് സുധാകരൻ പറഞ്ഞു. അടിത്തട്ടിലുള്ള പ്രവർത്തനങ്ങൾ ശക്തമാക്കും. ഡിസംബർ 28 ന് കോൺഗ്രസ് ജന്മദിനത്തിൽ ഒന്നേകാൽ ലക്ഷത്തിൽ കൂടുതൽ സി.യു.സി( കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി )കൾ രൂപീകരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.
ALSO READ: സ്‌കൂള്‍ വാഹനങ്ങളുടെ ഒരു വർഷത്തെ റോഡ് നികുതി ഒഴിവാക്കി
പ്രവർത്തകർക്കിടയിൽ നിലവില്‍ ആവേശത്തിന് കുറവില്ല. ഹൈക്കമാൻഡ് മുന്നോട്ടുവക്കുന്ന നിർദേശം അനുസരിയ്ക്കും. രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ച ചെയ്‌ത് അംഗീകരിച്ച തീരുമാനങ്ങളാണ് നടപ്പിലാക്കുന്നത്.
കോൺഗ്രസിൽ നിന്ന് വിട്ട് പോയതായി പറയുന്നത് വിരലിൽ എണ്ണാവുന്നവരാണ്. നിരവധി പേരാണ് കോൺഗ്രസിലേക്ക് എത്തുന്നതെന്നും കെ സുധാകരന്‍ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.