കോഴിക്കോട്: പലചരക്ക് കച്ചവടക്കാരനായിരുന്നു പെരുവയൽ വയപുറത്ത് രമേശൻ. കായലം താഴത്ത് വീട്ടിൽ പ്രഭാകരൻ ലോറിയുടമയും. കച്ചവടവും ലോറിയും നഷ്‌ടത്തിലായതോടെ ഇരു സുഹൃത്തുക്കളും കൂട്ടുകൃഷിയിലേക്ക് ഇറങ്ങി (Ladies Finger Farming). ഇന്ന് പെരുവയൽ കുളങ്ങരപ്പറ്റ വയലിൽ ഇരുവരും ചേർന്ന് വിവിധ കൃഷികളിലൂടെ പുതിയ കാർഷിക വിജയഗാഥ തെളിയിക്കുകയാണ്.
പയറും പാവലും ചുരങ്ങയും നെല്ലും വാഴയും തുടങ്ങി എല്ലാ കൃഷികളും ധാരാളമുണ്ട് ഇവരുടെ കൃഷിയിടത്തിൽ. എന്നാൽ ഒന്നര ഏക്കർ സ്ഥലത്തെ വെണ്ട കൃഷിയാണ് ഇവരുടെ കൃഷിയിടത്തിലെ പ്രധാന താരം. ഇരുവരുടെയും കൃത്യമായ പരിചരണത്തിൽ മികച്ച വിളവാണ് വെണ്ട കൃഷിയിൽ നിന്നും ലഭിക്കുന്നത്.
കടും പച്ച നിറത്തിലുള്ള ചേലൊത്ത വെണ്ടകൾ പറിച്ചെടുക്കുമ്പോഴേക്കും വെണ്ട വാങ്ങാൻ ആവശ്യക്കാർ വയലിലെത്തും. നല്ല പച്ചക്കറികൾ ആവശ്യക്കാർക്ക് നേരിട്ട് കണ്ടു വാങ്ങാമെന്നതാണ് പ്രത്യേകത. കൂടാതെ തോട്ടത്തിൽ നിന്നും വിളവെടുക്കുന്ന പച്ചക്കറികൾ തൊട്ടടുത്ത റോഡരികിൽ തന്നെയാണ് വിൽപ്പന.
ഇരുവരുടെയും കൃഷിയിലെ മികവ് മനസ്സിലാക്കി പെരുവയൽ കൃഷിഭവനും വേണ്ട മാർഗ്ഗനിർദേശങ്ങളും ആയി ഒപ്പമുണ്ട്. മികച്ച വരുമാനം ലഭിക്കുന്ന വെണ്ട കൃഷി വലിയ വിജയമായതോടെ കൂടുതൽ ഇടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ഇവരുടെ തീരുമാനം. കൂടാതെ മണ്ണറിഞ്ഞ് കൃഷി ഇറക്കിയാൽ ആ കൃഷി ചതിക്കില്ല എന്നാണ് ഇവരുടെ അനുഭവം.