കോഴിക്കോട്: താണ്ടാനുള്ളത് കാടും അരുവിയും മലകളും, നടക്കാനുള്ള ദൂരം എട്ട് കിലോമീറ്റർ. കോഴിക്കോട് ജില്ലയിലെ ചാലിയാർ പഞ്ചായത്തിലെ വെണ്ടെത്തുപൊയിലിലെ വീട്ടില്‍ നിന്നിറങ്ങി മിനി ടീച്ചർ കാടുകയറുന്നതിനായി ആദിവാസി മേഖലയായ അമ്പുമലയിലെ കുറിഞ്ഞി പണിക്ക കോളനി കാത്തിരിക്കും. ആദിവാസി ഊരിന് അറിവിന്‍റെ വെളിച്ചമേകാനാണ് മിനി ടീച്ചറുടെ കാടുകയറ്റം.
ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അമ്പുമലയില്‍ സ്ഥാപിച്ച ബദല്‍ സ്കൂളിലെ അധ്യാപികയാണ് മിനി. അസൗകര്യങ്ങൾ മാത്രമുണ്ടായിരുന്ന വിദ്യാലയത്തിലെ അധ്യാപിക ജോലി വിട്ടെറിഞ്ഞ് പോയതോടെയാണ് മിനി അമ്പുമലയുടെ ആശാകിരണമായത്. പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മിനി അധ്യാപികയാകാനുള്ള അപേക്ഷയുമായി വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചു. താല്‍ക്കാലിക നിയമനമാണെങ്കിലും 2015 ഓഗസ്റ്റ് ഒന്ന് മുതല്‍ മിനി അമ്പുമലക്കാർക്ക് ടീച്ചറായി.
Also Read: 'റഷ്യ യുക്രൈനെ ആക്രമിക്കാനുള്ള കാരണം ലളിതമായി പറഞ്ഞാല്‍...': പ്രൊഫ. എം.എൻ കാരശ്ശേരി സംസാരിക്കുന്നു
മിനി ഇപ്പോൾ ടീച്ചർ മാത്രമല്ല, കോളനി നിവാസികളുടെ ഏതാവശ്യത്തിനും മിനിയുണ്ട്. ആധാർ കാർഡ്, റേഷൻ മുതല്‍ കൊവിഡ് വാക്‌സിൻ വരെ ഈ അധ്യാപികയുടെ ശ്രമഫലമായാണ് കോളനിയിലെത്തിയത്.
അഞ്ച് മാസമായി ശമ്പളം ലഭിച്ചിട്ടില്ല. കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിനുള്ള പണം ലഭിച്ചിട്ട് മാസങ്ങളായി.കോളനിയിലെത്താൻ റോഡില്ല.വന്യമൃഗശല്യം ജീവന് തന്നെ ഭീഷണിയാണ്. പരാതികളും പരിഭവങ്ങളും ഒരുപാടുണ്ട്.
പക്ഷേ ആറ് മുതൽ പത്ത് വയസ് വരെയുള്ള 10 ആദിവാസി വിദ്യാർഥികളുടെ പഠനം മുടങ്ങരുത്. ഒരു ദിവസത്തെ അധ്യയനം കഴിഞ്ഞ് ടീച്ചർ കാടിറങ്ങുകയാണ്. തിരികെ വീട്ടിലെത്തുമ്പോഴേക്കും 16 കിലോമീറ്ററാണ് മിനി ടീച്ചർ ഒരു ദിവസം നടന്നുതീർക്കുന്നത്. നാളെ വീണ്ടും കുട്ടികളെ കാണാൻ അമ്പുമലയിലേക്ക്. മിനി ഈ നാടിനാകെ വെളിച്ചമാണ്, അഭിമാനമാണ്.