കോഴിക്കോട്: വിലക്കുറവിൽ സാധനങ്ങളൊരുക്കി വ്യത്യസ്തമാവുകയാണ് കുടുംബശ്രീ ഓണച്ചന്ത. അച്ചാർ, ചോക്ലേറ്റ്, മരം കൊണ്ടുള്ള ചട്ടുകം, ചപ്പാത്തിപ്പലക, കടകോൽ, ചിരട്ട കൊണ്ടുള്ള തവി, തുടങ്ങിയ വീട്ടുപകരണങ്ങളാണ് മേളയുടെ ആകർഷണം. 70 രൂപ മുതലാണ് പലകയ്ക്ക് വില. ചട്ടുകത്തിന് 30 രൂപ മുതലുണ്ട്. മേളയുടെ പ്രധാന ആകർഷണം രുചി പുര സംഘടനയുടെ പായസമാണ്.
മുളയരിയും പാലടയുമാണ് പായസ മേളയിൽ ഉള്ളത്. ഇതിൽ മുളയരി തന്നെയാണ് എല്ലാവർക്കും പ്രിയങ്കരം. ഇനി വരും ദിവസങ്ങളിൽ ചക്ക പായസവും മേളയിൽ ഉൾപ്പെടുത്തും. ചോളം, റവ, പലതരം അച്ചാർ, ഭക്ഷ്യവിഭവങ്ങൾ, സുഭിക്ഷ ഉൽപന്നങ്ങൾ, ചിരട്ട കൊണ്ടുള്ള അലങ്കാര വസ്തുക്കൾ, ബെഡ്ഷീറ്റുകൾ, കൈത്തറി വസ്ത്രങ്ങൾ, ബാഗുകൾ, നാടൻ പച്ചക്കറികൾ തുടങ്ങിയവയും മേളയിൽ ഉണ്ട്. കുടുംബശ്രീ യൂണിറ്റുകളുടെ ഉൽപന്നങ്ങളാണ് മേളയിൽ ഉള്ളത്. പകൽ 11 മുതൽ രാത്രി 8.30 വരെയാണ് പ്രവർത്തന സമയം. കോഴിക്കോട് മുതലക്കുളത്ത് ആരംഭിച്ച മേള ഒൻപതിന് സമാപിക്കും.