കോഴിക്കോട്: മഴ പെയ്‌തിറങ്ങുമ്പോൾ കാഴ്‌ചയുടെ സൗന്ദര്യം നിറച്ച് തുഷാരഗിരി പതഞ്ഞിറങ്ങും. കോഴിക്കോട്- വയനാട് ജില്ലകളുടെ അതിർത്തിയായ കോടഞ്ചേരി പഞ്ചായത്തിലാണ് ആഭ്യന്തര- വിദേശ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ തുഷാരഗിരി വെള്ളച്ചാട്ടം. പക്ഷേ കൊവിഡ് കാലം എല്ലാ മേഖലകളേയും പ്രതിസന്ധിയിലാക്കിയപ്പോൾ വെള്ളച്ചാട്ടം കാണാൻ വിലക്ക് ഏർപ്പെടുത്തി. വയനാടൻ മലനിരകളും ചാലിയാർ പുഴയും പരസ്പരം പങ്കുവെക്കുന്ന തുഷാരഗിരി ഈ മഴക്കാലത്തും നിറഞ്ഞൊഴുകുകയാണ്.
പക്ഷേ കഴിഞ്ഞ ആറ് മാസമായി സഞ്ചാരികളുടെ വരവ് നിലച്ചതോടെ വിനോദ സഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരുടെ വരുമാനം നിലച്ചു. പലരും മറ്റ് തൊഴിലുകൾ തേടി. കോഴിക്കോട് നഗരത്തിൽ നിന്നും 54 കിലോമീറ്റർ സഞ്ചരിച്ചാൽ തുഷാരഗിരിയിലെത്താം. വയനാട് ജില്ലയിലേക്ക് എത്തുന്ന സഞ്ചാരികളും തുഷാരഗിരിയുടെ സൗന്ദര്യം ആസ്വദിക്കാനെത്താറുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഒരു മാസത്തിന് ശേഷം സഞ്ചാരികൾക്കായി തുഷാരഗിരി വീണ്ടും തുറക്കുമെന്നാണ് പ്രതീക്ഷ. വനഭംഗിയും വെള്ളച്ചാട്ടത്തിന്‍റെ സൗന്ദര്യവും കാണാൻ സഞ്ചാരികൾ എത്തുന്നതും കാത്തിരിക്കുകയാണ് തുഷാരഗിരി.