കോഴിക്കോട്: കൊവിഡ് ബാധിച്ച് മരിച്ച ദളിത് വീട്ടമ്മയുടെ മൃതദേഹം വിട്ടു കിട്ടാത്തതിലുള്ള ബന്ധുക്കളുടെ പ്രതിഷേധത്തിൽ ജില്ലാ കലക്‌ടർ ഇടപെട്ടു. മൃതദേഹം കൊണ്ട് പോകാമെന്നും ആചാരം കഴിഞ്ഞാൽ പൊതു ശ്‌മശാനത്തിൽ സംസ്‌കരിക്കണമെന്നും കലക്‌ടർ നിർദേശം നൽകി. ഇത് സംബന്ധിച്ച് റൂറൽ ആർഡിഓയുടെ നേതൃത്ത്വത്തിൽ വീട്ടുകാരും പൊതുപ്രവർത്തകരുമായി ചർച്ച പുരോഗമിക്കുന്നു.
കോഴിക്കോട് മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് കോഴിക്കോട് ഉള്ളിയേരി മുണ്ടോത്ത് ഒതയോത്ത് വീട്ടിൽ പറായി (68) കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചത്.
ഭൂമി തർക്കത്തെ തുടർന്ന് വീട്ടമ്മയുടെ മൃതദേഹം വിട്ടു കിട്ടുന്നില്ലെന്ന് പരാതിയുമായി ബന്ധുക്കൾ ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധിക്കുകയായിരുന്നു. ഇതേ തുടർന്ന് സംസ്‌കാര ചടങ്ങുകൾ നിർത്തി വെച്ചു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാൻ ഉള്ളിയേരി പഞ്ചായത്ത് സെക്രട്ടറി ആദ്യം നിർദേശം നൽകിയിരുന്നു. എന്നാൽ ഭൂമി മറ്റൊരു സംഘടനയുടെതെന്ന് അവകാശപ്പെട്ട് മൃതദേഹം ദഹിപ്പിക്കാൻ അനുവദിക്കില്ലന്ന് പരാതിക്കാർ പറഞ്ഞതോടെ തർക്കമായി.
Also Read: കൊവിഡ് അനാഥമാക്കിയ ബാല്യം 2000ത്തിലധികം: ഡല്‍ഹി ബാലാവകാശ കമ്മിഷൻ
ഭർത്താവ് കണ്‌ഠനെ അടക്കം ചെയ്ത സ്ഥലത്ത് ദഹിപ്പിക്കണമെന്ന് അമ്മ പറായി പറഞ്ഞിരുന്നതായി മക്കൾ രാജുവും പുഷ്‌പയും സ്ഥലത്ത് എത്തിയ അത്തോളി പൊലീസിനെ ബോധ്യപ്പെടുത്തി. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.