കോഴിക്കോട്: രാജ്യമാകെ ശ്രദ്ധിച്ച കോഴിക്കോട് ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷറൂഖ് സെയ്‌ഫിയെ കേരളത്തിലെത്തിച്ചു. ഇന്നലെ കേന്ദ്ര ഇന്‍റലിജൻസിന്‍റെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മുംബൈ എടിഎസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും എൻഐഎയും ചേർന്ന് പിടികൂടിയ പ്രതി ഷറൂഖ് സെയ്‌ഫിയെ ട്രാൻസിറ്റ് വാറണ്ട് വാങ്ങിയാണ് കേരള പൊലീസ് കേരളത്തിലെത്തിച്ചത്. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്ന് പിടികൂടിയ പ്രതിയെ ഇന്ന് പുലർച്ചെയോടെ കേരളത്തിലെത്തിക്കുമെന്നായിരുന്നു ആദ്യ വിവരം.
'മാധ്യമങ്ങൾ കാണരുത്': മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതിരിക്കാൻ കേരള അതിർത്തിയിലെത്തും മുൻപേ തന്നെ പൊലീസ് ഒളിച്ചുകളി ആരംഭിച്ചിരുന്നു. എന്നാല്‍ കനത്ത സുരക്ഷ വീഴ്‌ചയാണ് കേരള അതിർത്തിയിലെത്തിയതു മുതല്‍ പ്രതിയുമായി എത്തിയ പൊലീസ് സംഘത്തിന് സംഭവിച്ചത്. ടയർ പഞ്ചറായും വാഹനം പണിമുടക്കിയും ഒരു മണിക്കൂറിലേറെ വഴിയില്‍ കിടന്ന ശേഷമാണ് പ്രതിയെ കോഴിക്കോട് എത്തിക്കാനായത്. രത്നഗിരിയിൽ നിന്നും ടൊയോട്ട ഇന്നോവയില്‍ റോഡ് മാർഗം കേരളത്തിലേക്ക് തിരിച്ച വാഹനത്തിൽ ഉണ്ടായിരുന്ന പ്രതിയെ കാസർകോട് എത്തും മുമ്പ് തന്നെ ടൊയോട്ട ഫോർച്യൂണറിലേക്ക് മാറ്റി.
പഞ്ചർ പൊലീസ്: കണ്ണൂർ കാടാച്ചിറയിൽ എത്തിയപ്പോൾ ആ വാഹനത്തിന്റെ ടയർ പഞ്ചറായി. മറ്റൊരു വാഹനം ഏർപ്പെടുത്തിയെങ്കിലും അതും ബ്രേക്ക് ഡൗണായി. ഒടുവിൽ 'എൽ' ചിഹ്നമുള്ള വാഗണർ കാറിലാണ് പ്രതിയെ കോഴിക്കോട് മാലൂർ കുന്നിലെ പൊലീസ് ക്യാമ്പിൽ എത്തിച്ചത്. പൊലീസ് ക്ലബ്ബിലോ, ഐജി ഓഫീസിലോ എത്തിക്കേണ്ട പ്രതിയെ മാധ്യമങ്ങളിൽ നിന്ന് അകറ്റി നിർത്താനാണ് പരിശീലന ക്യാമ്പിലേക്ക് എത്തിച്ചത്.
പ്രതിയെ കോഴിക്കോട്ടെ ക്യാമ്പിലേക്ക് എത്തിച്ചതിലുണ്ടായ സുരക്ഷ വീഴ്‌ച ഇതിനകം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. പക്ഷേ കേരള അതിർത്തിയില്‍ പുലർച്ചെയുണ്ടായ സുരക്ഷ വീഴ്‌ചയ്ക്ക് ഇടയിലും മാധ്യമങ്ങളെ പൂർണമായും മാറ്റിനിർത്താനും വട്ടം കറക്കാനുമാണ് അന്വേഷണസംഘം ശ്രദ്ധ ചെലുത്തിയത്.
വഴി തടഞ്ഞ് ഒളിച്ച് കളിച്ച് പൊലീസ്: ക്യാമ്പ് സ്ഥിതി ചെയ്യുന്ന മാലൂർകുന്നിലേക്കുള്ള റോഡ് ആരംഭിക്കുന്ന സ്ഥലത്ത് തന്നെ മാധ്യമ പ്രവർത്തകരെ പൊലീസ് തടഞ്ഞു. എലത്തൂർ സ്റ്റേഷൻ പരിധിയിൽ നടന്ന കുറ്റകൃത്യമായത് കൊണ്ട് തന്നെ കോഴിക്കോട് സി.ജെ.എം ഒന്നിലാണ് പ്രതിയെ ഹാജരാക്കേണ്ടത്. ഈ പശ്ചാത്തലത്തിൽ സ്വാഭാവികമായും തൊട്ടടുത്തുള്ള ജില്ല ബീച്ച് ആശുപത്രിയിലാണ് സാധാരണഗതിയിൽ പ്രതികളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. എന്നാൽ കാത്തിരിപ്പിനൊടുവിൽ ക്യാമ്പിൽ നിന്നും ഒരു വാഹനം പുറത്തേക്ക് വരികയും അതിനു പിന്നാലെ മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾ നിരനിരയായി പോവുകയും ചെയ്തു.
ഒടുവിൽ വാഹനം എത്തിച്ചേർന്നത് മെഡിക്കൽ കോളജ് മുറ്റത്ത്. വാഹനം വട്ടം കറങ്ങിയതോടെ പിന്നാലെ ഉണ്ടായിരുന്ന മാധ്യമ പ്രവർത്തകരും ഒപ്പം കറങ്ങി. ഒടുവിൽ പുറത്തേക്കിറങ്ങിയത് കുറച്ചു പൊലീസുകാർ മാത്രം. പ്രതി വാഹനത്തിൽ ഇല്ലായിരുന്നു. ആ സമയത്തും ബീച്ച് ആശുപത്രിയിൽ വെള്ളയിൽ സ്റ്റേഷനിലെ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സുരക്ഷ ക്രമീകരണത്തിലായിരുന്നു. ഒരുങ്ങി നിൽക്കാൻ ആർ.എം.ഒക്ക് പൊലീസ് തലപ്പത്ത് നിന്ന് അറിയിപ്പും കിട്ടി. എല്ലാവരും ബീച്ച് ആശുപത്രിയെ പ്രതീക്ഷിച്ചിരുന്നപ്പോൾ പൊലീസ് ബസ്സിൽ പ്രതി ഷാറൂഖിനെ കയറ്റി കോഴിക്കോട് മെഡിക്കൽ കോളേജിന്റെ മോർച്ചറിയിലേക്കുള്ള വഴിയിലേക്ക് കുതിച്ചു.
ഈ സമയത്ത് മുന്നിലുള്ള പ്രധാന ഗെയ്റ്റും വാഹനം വന്ന വഴിയും പൊലീസുകാർ അടച്ചു. ഇതോടെ ഒരു ദൃശ്യം പകർത്തുക എന്നത് മാധ്യമങ്ങളെ സംബന്ധിച്ച് അസാധ്യമായി. ഫോറൻസിക് സർജന്റെ പരിശോധനയും വൈദ്യ പരിശോധനയും പൂർത്തിയാക്കിയ ശേഷവും പ്രതിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നുണ്ട്.
കോടതിയോട് എന്ത് പറയും: ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് ട്രാൻസിറ്റ് വാറണ്ട് മുഖേന കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ഇന്ന് 12 മണിക്ക് മുമ്പ് അതായത് 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം എന്നാണ് നിയമം. എന്നാൽ ഈ സമയമായിട്ടും പ്രതിയുടെ വൈദ്യ പരിശോധന പോലും പൂർത്തിയായിട്ടില്ല. പരിക്കിന്റെ കാരണങ്ങളും വഴിയിലെ തടസ്സവും ആയിരിക്കാം അതിന് കാരണമായി പൊലീസ് ഉന്നയിക്കുക.
എന്തായാലും രാവിലെ മുതൽ നടന്ന ചോദ്യം ചെയ്യലിൽ ലഭിച്ച പ്രധാനപ്പെട്ട വിവരങ്ങൾ ഒന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. തെളിവെടുപ്പിന് ശേഷം കൃത്യമായ വിവരങ്ങൾ പുറത്ത് വരും എന്നാണ് പ്രതീക്ഷിക്കുന്നത്. ട്രെയിനില്‍ നടന്ന അക്രമ സംഭവത്തിൽ പ്രതിക്കെതിരെ യുഎപിഎ വകുപ്പു കൂടി ചേർക്കാനാണ് സാധ്യത.
ഒന്നൊന്നര ചോദ്യങ്ങൾ ബാക്കിയുണ്ട്: ട്രെയിൻ ആക്രമണത്തിന് പിന്നില്‍ തീവ്രവാദ ബന്ധം, ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തത് എന്തിന്, ഷാറൂഖിന്‍റെ ക്രിമിനല്‍ പശ്‌ചാത്തലം, ട്രെയിനില്‍ ആക്രമണം നടത്താൻ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ, എവിടെ നിന്നാണ് ട്രെയിനില്‍ കയറിയത്, പെട്രോൾ വാങ്ങിയത് എവിടെ നിന്ന്, ഡയറിയില്‍ കണ്ടെത്തിയ സ്ഥലപ്പേരുകൾ, മറ്റ് വിവരങ്ങൾ എന്നിവയിലെ വസ്‌തുത... തുടങ്ങി നിരവധി ചോദ്യങ്ങളാണ് പൊലീസിന് മുന്നിലുള്ളത്.