കോഴിക്കോട്: താമരശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദിവസം നാലായിട്ടും തുമ്പ് കണ്ടെത്താനാവാതെ പൊലീസ്. ലോക്കൽ പൊലീസിന്‍റെ അന്വേഷണം എങ്ങുമെത്താഞ്ഞതോടെ ഉന്നത ഉദ്യോഗസ്ഥർ താമരശേരിയിൽ എത്തി. ഐജി നീരജ് കുമാർ ഗുപ്‌ത, ഉത്തര മേഖല ഡിഐജി പുട്ട വിമലാദിത്യ എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥരെ കണ്ട് കേസിന്‍റെ പുരോഗതി വിലയിരുത്തിയത്.
പ്രതികളിൽ ഒരാളുടെ രേഖാചിത്രം തയ്യാറാക്കാനുള്ള നീക്കത്തിലാണ് പൊലീസ്. സംഭവത്തിലെ പ്രധാന ദൃക്‌സാക്ഷിയായ ഷാഫിയുടെ ഭാര്യ സെനിയ നൽകുന്ന വിവരമനുസരിച്ചാണ് രേഖാചിത്രം തയ്യാറാക്കുന്നത്. സംഭവത്തിന് രണ്ടുദിവസം മുന്‍പ് ഷാഫിയെ അന്വേഷിച്ച് വീട്ടിലെത്തിയ ആളും നാലംഗ സംഘത്തോടൊപ്പം ഉണ്ടായിരുന്ന ആളും ഒന്നുതന്നെയെന്നാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കുന്നത്.
'അവര്‍ തൂവാല കൊണ്ട് മുഖം മറച്ചിരുന്നു': കഴിഞ്ഞ വെള്ളിയാഴ്‌ച (ഏപ്രില്‍ ഏഴ്) രാത്രി പത്ത് മണിക്ക് ശേഷമാണ് സംഭവം നടന്നത്. വെള്ള സ്വിഫ്റ്റ് കാറിലെത്തിയ നാലംഗ സംഘം വീട്ടിലെത്തി ഷാഫിയേയും സെനിയയേയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവർ തൂവാല കൊണ്ട് മുഖം മറച്ചിരുന്നുവെന്നാണ് സെനിയ പൊലീസിനോട് പറഞ്ഞത്. വിദേശത്ത് ബിസിനസുകാരനായിരുന്നു ഷാഫി. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് പ്രവാസിയെ തട്ടിക്കൊണ്ടുപോവാൻ കാരണമെന്നാണ് സംശയിക്കുന്നത്.
ഷാഫിയെ നാലുപേർ ചേർന്ന് വലിച്ചുകൊണ്ടുപോവാൻ ശ്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് തന്നെയും പിടിച്ച് കാറിലേക്ക് കയറ്റിയതെന്ന് സെനിയ മൊഴി നൽകി. എന്നാൽ കാറിന്‍റെ ഡോർ അടക്കാൻ പറ്റാത്തതിനെ തുടര്‍ന്ന് തന്നെക്കുറിച്ച് ദൂരം പോയ ശേഷം ഇറക്കിവിട്ടെന്നും അവര്‍ പറഞ്ഞു. പിടിവലിക്കിടെ സെനിയയ്ക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മാസങ്ങൾക്ക് മുന്‍പ് ഷാഫിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ കേസിലെ രണ്ടുപേരെ അറസ്റ്റ് ചെയ്‌തിരുന്നു.
ഇതിനുപിന്നാലെയാണ് ഷാഫിയുടെ മൊബൈൽ ഫോൺ കരിപ്പൂരിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വയനാട് ഭാഗത്തേക്ക് പോയ കാർ പിന്നീട് ഷാഫിയേയും കൊണ്ട് കരിപ്പൂരിലേക്ക് പോയതായാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. അതേസമയം, അക്രമി സംഘം ഉപയോഗിച്ച കാറിന്‍റെ നമ്പർ വ്യാജമാണെന്ന് തിരിച്ചറിഞ്ഞു. കണ്ണൂർ, വയനാട് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
കോഴിക്കോട് പെരിങ്ങൊളത്തും സമാന സംഭവം: സമാനമായ സംഭവമാണ് കോഴിക്കോട് കുന്ദമംഗലത്ത് ഏപ്രില്‍ എട്ടിനുണ്ടായത്. പ്രവാസിയെ തട്ടിക്കൊണ്ടുപോവുകയും തുടര്‍ന്ന് മണിക്കൂറുകൾക്കുശേഷം വിട്ടയക്കുകയുമായിരുന്നു ഈ സംഭവം. ദുബായിൽ നിന്നും നാട്ടിലെത്തിയ ഷിജൽ ഷാൻ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയത്. ഏഴിന് ഉച്ചയ്‌ക്ക് 12.30ന് പെരിങ്ങൊളത്തുവച്ച് ബൈക്ക് തടഞ്ഞുനിർത്തി ബലംപ്രയോഗിച്ച് കൊണ്ടുപോവുകയായിരുന്നു.
ALSO READ| കുന്ദമംഗലത്ത് പ്രവാസിയെ തട്ടിക്കൊണ്ടുപോയി, മണിക്കൂറുകള്‍ക്കകം വിട്ടയച്ചു; അഞ്ചംഗ സംഘത്തിനെതിരെ കേസ്
മണിക്കൂറുകൾക്ക് ശേഷം വഴിയരികിൽ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. അഞ്ചംഗ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. ഈ സംഭവത്തില്‍ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്.