കോഴിക്കോട്: കാരശേരി ചീപ്പാംകുഴി പൊയിലിൽ അബ്‌ദുവും മാവുമായുള്ള ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഓരോ മാങ്ങ കഴിക്കുമ്പോഴും അതിന്‍റെ വിത്ത് മുളപ്പിച്ചെടുക്കുന്നിടത്ത് നിന്ന് തുടങ്ങുന്നതാണ് ആ ബന്ധം. വിവിധ തരം മാവുകളെയും, മാങ്ങകളെയും കുറിച്ചറിയാനും പഠിക്കാനുമുള്ള അബ്‌ദുവിന്‍റെ തീക്ഷ്‌ണമായ ആഗ്രഹം ചെന്നെത്തി നിൽക്കുന്നത് ഇന്ത്യയിലെയും, ഇന്ത്യക്ക് പുറത്ത് പാകിസ്ഥാനിലെയും ഇന്തോനേഷ്യയിലെയുമുൾപ്പെടെ വിവിധ തരത്തിലുള്ള മാവുകളിലാണ്.
എല്ലാത്തിനും സാക്ഷിയായി നാൽപത് ഇനം മാവിൻ തൈകൾ: അൽഫോൻസോ, കാലാപാനി, നാസി പസന്ത്, കോശേരി, ആപ്പിൾ റൊമേനിയ അങ്ങനെ നീളുന്നു അബ്‌ദുവിന്‍റെ നഴ്‌സറിയിലെ മാവിനങ്ങളുടെ സമൃദ്ധി. ഇതിനുപുറമെ വൈറ്റ് മൂവാണ്ടൻ, സിന്ദൂർ, വെങ്കരപ്പള്ളി, ചക്കരകുട്ടി, നീലൻ നാടൻ ഇനങ്ങളായ ചേലൻ, ഒളോർ തുടങ്ങിയവയുടെ തൈകളാലും സമ്പന്നമാണ് അബ്‌ദുവിന്‍റെ മാങ്ങാപൊയിലിൽ വീട്ടിലെ നഴ്‌സറി.
മാവിൻ തൈകൾ നട്ടുപിടിപ്പിച്ചിട്ടും ഫലങ്ങൾ ലഭിക്കാതെ നിരാശരാകുന്നവർക്കും അബ്‌ദുവിന്‍റെ പക്കൽ മറുപടിയുണ്ട്. നമ്മുടെ നാടിന്‍റെ കാലാവസ്ഥയ്‌ക്കും പരിതസ്ഥിതിയ്‌ക്കും അനുയോജ്യമായ മാവിൻ തൈകൾ നട്ടുപിടിപ്പിക്കണമെന്നും മാവിന്‍റെ വളർച്ചയ്‌ക്ക് കൃത്യമായ സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അബ്‌ദു പറയുന്നു.
വിവിധ ഇനം മാവുകൾ ബഡ്ഡ് ചെയ്‌ത് പുതിയ ഇനങ്ങൾ ഉൽപാദിപ്പിക്കുന്നതിലും വിദഗ്‌ധനാണ് അബ്‌ദു. ഒരു മാവിൽ തന്നെ 15 ഇനങ്ങളിൽപ്പെട്ട മാങ്ങകൾ ഉണ്ടാവുന്ന മാവിൻ തൈകളും ഇദ്ദേഹത്തിന്‍റെ പക്കലുണ്ട്. ഇനിയും മാവുകളിൽ ഗവേഷണം തുടരാനും പുതിയ ഇനം മാവുകൾ കണ്ടെത്താനുമുള്ള തീവ്ര പരിശ്രമത്തിലാണ് അബ്‌ദു.