കോഴിക്കോട്: സംസ്ഥാനത്ത് പുതിയ അധ്യായന വര്‍ഷം തുടങ്ങി ആഴ്‌ചകൾ പിന്നിട്ടിട്ടും ജില്ലയിലെ കിഴക്കൻ മലയോര മേഖലകൾ ഇപ്പോഴും 'പരിധിക്ക് പുറത്താണ്'. പല പ്രദേശങ്ങളിലും പേരിന് മാത്രമാണ് നെറ്റ്‌വർക്ക് ലഭിക്കുന്നതെന്നും ക്ലാസ് ഗ്രൂപ്പുകളിൽ അധ്യാപകർ അയക്കുന്ന ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ മണിക്കൂറുകൾ കാത്തിരിക്കണമെന്നും വിദ്യാർഥികൾ പരാതിപ്പെടുന്നു.
രാത്രി സമയങ്ങളിൽ നടക്കുന്ന ക്ലാസുകളെയാണ് നെറ്റ്‌വർക്ക് പ്രശ്‌നം കൂടുതലായി ബാധിക്കുന്നത്. ഈ സാഹചര്യങ്ങളിൽ എങ്ങനെ ക്ലാസുകൾ മുന്നോട്ട് കൊണ്ടുപോകുമെന്നറിയാതെ പ്രയാസത്തിലാണ് വിദ്യാർഥികൾ. മലയോര, കുടിയേറ്റ മേഖലകളായ കൊടിയത്തൂർ, തിരുവമ്പാടി, മാവൂർ, കാരശ്ശേരി, കൂടരഞ്ഞി പഞ്ചായത്തുകളിൽ പ്രതിസന്ധി രൂക്ഷമാണ്.
നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾക്കൊപ്പം കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് ജിഎൽപി, എ യു പി സ്കൂളുകളിലായി 15ഓളം വിദ്യർഥികൾ സ്മാർട്ട് ഫോണില്ലാതെ ദുരിതമനുഭവിക്കുന്നുണ്ട്. സ്‌മാർട്ട്ഫോൺ, ലാപ്‌ടോപ്പുകൾ ഇല്ലെന്ന പരാതി നൽകിയെന്നും എന്നാൽ അധികൃതർ നടപടി എടുത്തില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വന്യമൃഗ ശല്യമുള്ള പ്രദേശങ്ങളിലേക്ക് പോലും വിദ്യാർഥികൾ നെറ്റ്‌വർക്കിനായി പോകുന്നതിനാൽ രക്ഷിതാക്കളിലും ഇത് ആശങ്ക ഉയർത്തുന്നുണ്ട്. ഗൂഗിൾ മീറ്റുകളിലും കുട്ടികളുടെ സാന്നിധ്യം കുറവാണ്. ആദിവാസി കോളനികളും എസ്.സി കോളനികളുമുളള പ്രദേശങ്ങൾ കൂടിയാണിവിടം.
പീടികപ്പാറയില്‍ ബി.എസ്.എന്‍.എല്‍ ടവര്‍ മാസങ്ങളായി പ്രവര്‍ത്തനരഹിതമാണെന്നും പരാതിയുണ്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് കുട്ടികളെ പഠന വഴിയില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പ് വിക്‌ടേഴ്‌സ് ചാനല്‍ വഴി ഡിജിറ്റല്‍ ക്ലാസുകള്‍ ആരംഭിച്ചത്. ആധുനിക സാങ്കേതിക വിദ്യയിലേക്ക് പഠനം മാറിയിട്ട് ഒരു വര്‍ഷം പിന്നിട്ടെങ്കിലും നാട്ടിന്‍പുറങ്ങളിലെ പല വിദ്യാര്‍ഥികള്‍ക്കും ഈ പഠനം ഇപ്പോഴും അപ്രാപ്യമാണന്നാണ് നെറ്റ്‌വർക്ക് പ്രശ്‌നം സൂചിപ്പിക്കുന്നത്.
ALSO READ: എല്ലാവർക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ; ആദിവാസി കുട്ടികള്‍ക്ക് മുൻഗണന