കോഴിക്കോട് : പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടി ഒരു പൊലീസ് സ്റ്റേഷൻ. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ ഒരു കൂട്ടം ഉദ്യോഗസ്ഥരാണ് കൃഷിയിൽ വിജയം കണ്ടത്. സ്റ്റേഷൻ പരിസരത്ത് സ്ഥലം കുറവായതുകൊണ്ട് തൊട്ടടുത്ത് സ്വകാര്യ വ്യക്തിയുടെ ഇരുപത് സെൻ്റിലാണ് കൃഷിയിറക്കിയത്.
വെണ്ട, വഴുതന, വെള്ളരി, തക്കാളി, പച്ചമുളക്, ചീര തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും ഈ കൂട്ടത്തിലുണ്ട്. ജോലിത്തിരക്കിനിടയിലും നല്ല പരിചരണമാണ്. അതിനുള്ള ഫലവും കിട്ടി തുടങ്ങി. സ്റ്റേഷൻ ഐ.പി എൻ. സുനിൽ കുമാറിന്‍റെ നേതൃത്വത്തിലാണ് പൊലീസുകാർ പറമ്പിലേക്കിറങ്ങിയത്.
ALSO READ: കുറ്റിപൊയില്‍ വയലൊരുക്കി ഭിന്നശേഷി വിദ്യാര്‍ഥികള്‍
സീനിയർ സി.പി.ഒയും ഡ്രൈവറുമായ സുരേഷ് ഒ.കെയാണ് തോട്ടത്തിൻ്റെ സൂത്രധാരൻ. കാർഷിക പാരമ്പര്യമുള്ള ഇദ്ദേഹത്തിനൊപ്പം സീനിയർ സി.പി.ഒ രാകേഷ് കെ.ആർ, സി.പി.ഒ പ്രതീഷ് കുമാർ എന്നിവരുമുണ്ട്. ഒഴിവ് വേളകളിൽ വനിത പൊലീസുകാരടക്കം തോട്ട പരിപാലനത്തിനായി എത്താറുണ്ട്.
കൃഷി വകുപ്പിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നും ശേഖരിച്ച വിത്താണ് പറമ്പിലിറക്കിയത്. ഒട്ടുമിക്കയിനങ്ങളിലും ഫലം കിട്ടി തുടങ്ങി. കിട്ടുന്ന പച്ചക്കറികളെല്ലാം സ്റ്റേഷൻ മെസ്സിൽ ഉപയോഗിക്കുകയാണ്. ജൈവകൃഷി ആയതുകൊണ്ട് തന്നെ ഗുണമേന്മയും കൂടും. പൊലീസുകാരുടെ ഈ ആവേശം മറ്റുള്ളവർക്കും പ്രചോദനമാണ്.