കോഴിക്കോട്: കോഴിക്കോട് - കണ്ണൂർ പാസഞ്ചർ ഷൊർണൂർ വരെ നീട്ടുന്നതില്‍ പ്രതിഷേധം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്കും, കണ്ണൂരിൽ നിന്ന് തിരിച്ച് കോഴിക്കോട്ടേക്കും സർവീസ് നടത്തുന്ന പാസഞ്ചർ ട്രെയിനാണ് നാളെ മുതൽ ഷൊർണൂരിലേക്ക് സർവീസ് നീട്ടുന്നത്. ട്രെയിനിന്‍റെ കമ്പാർട്ട്മെന്റിന്റെ എണ്ണത്തിൽ മാറ്റം വരുത്താതെയാണ് സർവീസ് നീട്ടാൻ തീരുമാനമായത്. അതിനാല്‍ യാത്രക്കാരുടെ എണ്ണം കൂടുമെന്നല്ലാതെ മറ്റൊരു പ്രയോജനവും ഉണ്ടാകില്ലെന്നാണ് യാത്രക്കാരുടെ വാദം.
കമ്പാർട്ട്മെന്റുകളുടെ എണ്ണം കൂട്ടുകയോ പുതിയ ട്രെയിൻ അനുവദിക്കുകയോ ചെയ്യണമെന്ന് യാത്രക്കാരുടെ സംഘടനയായ കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. റെയിൽ ബജറ്റ് ഇല്ലാതായതോടെ യാത്രാ പ്രശ്‌നങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം ഇല്ലാതായെന്നാണ് യാത്രക്കാരുടെ അഭിപ്രായം. വികസനത്തോടൊപ്പം യാത്രക്കാരുടെ ആവശ്യങ്ങൾ കൂടി അധികൃതർ പരിഗണിക്കണമെന്നും സംഘടന പറഞ്ഞു.