കോഴിക്കോട് : താമരശ്ശേരിയിൽ നിന്ന് പ്രവാസിയെ തട്ടികൊണ്ടുപോയ കേസിൽ നാല് പേർ അറസ്റ്റിൽ. കാസർകോട് സ്വദേശികളായ മുഹമ്മദ് നൗഷാദ്, ഇസ്‌മയിൽ ആസിഫ്, അബ്‌ദുറഹ്മാൻ, ഹുസൈൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റഡിയിൽ എടുത്ത ഇവരെ പൊലീസ് ചോദ്യം ചെയ്‌തുവരികയായിരുന്നു.
മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഘം സഞ്ചരിച്ച കാർ ഹുസൈനാണ് വാടകയ്ക്ക് എടുത്തുനൽകിയത്. മറ്റ് മൂന്നുപേർ ഇയാളുടെ കൂട്ടാളികളാണ്. അതേസമയം ഷാഫിയെ തട്ടിക്കൊണ്ടുപോയിട്ട് പതിനൊന്ന് ദിവസമായിട്ടും അക്രമി സംഘത്തെക്കുറിച്ച് കൃത്യമായ വിവരം പൊലീസിന് ഇതുവരെയും ലഭിച്ചിട്ടില്ല.
ഏപ്രിൽ ഏഴാം തീയതി രാത്രി പത്ത് മണിക്ക് ശേഷമാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്. വെള്ള സ്വിഫ്റ്റ് കാറിലെത്തിയ നാലംഗ സംഘം വീട്ടിലെത്തി ഷാഫിയേയും സെനിയയേയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. എന്നാൽ സെനിയയെ പിന്നീട് റോഡിൽ ഇറക്കിവിട്ടു. വിദേശത്ത് ബിസിനസുകാരനായിരുന്നു ഷാഫി. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ഷാഫിയെ തട്ടിക്കൊണ്ടുപോകാൻ കാരണമെന്നാണ് സംശയിക്കുന്നത്.
എന്നാൽ ഷാഫിയുടേതായി പിന്നീട് വീഡിയോ സന്ദേശം പുറത്തുവന്നിരുന്നു. സഹോദരനൊപ്പം ചേർന്ന് 80 കോടിയോളം രൂപ വിലമതിക്കുന്ന 325 കിലോ സ്വർണം കടത്തി എന്നായിരുന്നു ഷാഫിയുടെ സന്ദേശം. എന്നാൽ ഈ വീഡിയോയുടെ ആധികാരികത പൊലീസ് പരിശോധിച്ച് വരികയാണ്. കർണാടകയിലെ സ്വർണക്കടത്ത് സംഘത്തിലേക്കാണ് പൊലീസ് അന്വേഷണം എത്തി നിൽക്കുന്നത്.
അതിനിടെ മാസങ്ങൾക്ക് മുമ്പ് ഷാഫിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ കേസിലെ രണ്ടുപേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌തിരുന്നു. തട്ടിക്കൊണ്ട് പോകലിന് രണ്ടാഴ്‌ച മുൻപ് പരപ്പൻപൊയിൽ ഭാഗത്ത് ഇടക്കിടെ കാറിലെത്തിയ സംഘത്തെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. ഇവരുടെ കാറിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ട് പോവുന്നതിന് രണ്ടാഴ്‌ച മുൻപുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. അക്രമി സംഘം ഷാഫിയുടെ വീടും പരിസരവും നിരീക്ഷിക്കാനെത്തിയതാണെന്നാണ് സൂചന. ഈ കാറും കാസർകോട് ചെർക്കളയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.