കോഴിക്കോട്: ഏറ്റവും കൂടുതൽ ഓൺലൈൻ കോഴ്‌സ് സർട്ടിഫിക്കറ്റുകൾ നേടിയതിനുള്ള ലോക റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് മലയോര മേഖലയിലെ ദമ്പതികൾ. മുക്കം നഗരസഭയിലെ ചേന്ദമംഗല്ലൂർ ചേന്ദാംകുന്നത്ത് സ്വദേശികളായ ജിഹാദ് യാസിറും ഭാര്യ നിമിഷയുമാണ് ഈ അപൂർവ നേട്ടം കൈവരിച്ചിരിക്കുന്നത്.
കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ സർട്ടിഫിക്കറ്റുകൾ നേടിയാണ് ഇരുവരും നാടിന് അഭിമാനമായി മാറിയിരിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് 415 സർട്ടിഫിക്കറ്റുകൾ നേടിയ യാസിർ, 60 ദിവസം കൊണ്ട് 367 സർട്ടിഫിക്കറ്റ് എന്ന നിലവിലെ റെക്കോഡ് ഭേദിച്ചുകൊണ്ടാണ് ചരിത്രം കുറിച്ചത്. ഭാര്യ നിമിഷയാകട്ടെ, 24 മണിക്കൂർ കൊണ്ട് 151 കോഴ്‌സ് സർട്ടിഫിക്കറ്റുകൾ നേടി. 24 മണിക്കൂറിൽ 140 സർട്ടിഫിക്കറ്റുകൾ എന്ന നിലവിലെ റെക്കോഡും നിമിഷ തിരുത്തിക്കുറിച്ചു.
എം.എസ്.ഡബ്ല്യൂവിന് ശേഷം വയനാട് പീസ് വില്ലേജിൽ പ്രൊജക്ട് ഡിസൈനറായി എത്തിയതാണ് യാസിറും നിമിഷയും. അവിടെ നിന്നും മുന്നോട്ടുള്ള ജീവിതത്തിൽ ഒന്നിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ ഇഷാൻ യാസിർ, ഇഷാൽ യാസിർ എന്നീ രണ്ട് മക്കളുമുണ്ട്. തൃശൂർ വിമലാ കോളജിലെ ഗവേഷണ വിദ്യാർഥി കൂടിയായ യാസിർ, കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്‍റെ ഡോ. അംബേദ്‌കർ ഫെല്ലോഷിപ്പും നേടിയിട്ടുണ്ട്. നിമിഷ നിംഹാൻസ് ബംഗളൂരുവിൽ ഉദ്യോഗസ്ഥയാണ്. നിലവിൽ കുട്ടികളുടെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ചുള്ള ഗവേഷണത്തിലാണ് ഇരുവരും.
ALSO READ: സ്വര്‍ണവായ്പയെടുക്കുമ്പോള്‍ ഇവ നിര്‍ബന്ധമായും ശ്രദ്ധിക്കണം