കോഴിക്കോട്: ഉപ്പും വിനാഗിരിയും ചേർത്ത് തയാറാക്കുന്ന പഴം, പച്ചക്കറി കൊണ്ടുള്ള ഭക്ഷണ സാധനങ്ങൾ വിൽക്കുന്നത് കോഴിക്കോട് കോർപറേഷൻ നിരോധിച്ചു. കോർപറേഷൻ പരിധിയിൽ എവിടെയും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ ഇത്തരം ഭക്ഷണസാധനങ്ങൾ വിൽക്കാൻ അനുമതിയില്ല. കോഴിക്കോട് ബീച്ചിൽ ഉപ്പിലിട്ടത് വില്‍ക്കുന്ന ഒരു കടയില്‍ നിന്നും വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് രാസലായനി കഴിച്ച് രണ്ട് വിദ്യാർഥികൾക്ക് പൊള്ളലേറ്റിരുന്നു.
ഉപ്പും വിനാഗിരിയും ചേര്‍ത്തുള്ള പഴങ്ങള്‍ കഴിച്ച് ആരോഗ്യപ്രശ്നമുണ്ടായതായി പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് പരാതി ലഭിച്ചതായി സെക്രട്ടറി അറിയിച്ചു. കോഴിക്കോട് ബീച്ചിലെ 53 പെട്ടികടകളിലാണ് ഭക്ഷ്യസുരക്ഷ വകുപ്പും കോർപറേഷൻ ആരോഗ്യ വിഭാഗവും സംയുക്‌ത പരിശോധന നടത്തിയത്. 17 കടകളിൽ നിന്ന് മാനദണ്ഡങ്ങൾ പാലിക്കാതെ സൂക്ഷിച്ചിരുന്ന 35 ലിറ്റർ ഗ്ലേഷ്യൽ അസറ്റിക് ആസിഡ് പിടിച്ചെടുത്തു നശിപ്പിച്ചു.
മാനദണ്ഡങ്ങൾ പാലിക്കാതെ സൂക്ഷിച്ചിരുന്ന 17 ബ്ലോക്ക് ഐസും പിടിച്ചെടുത്തു നശിപ്പിച്ചു. ഭക്ഷ്യസുരക്ഷ നിയമം പാലിക്കാതെ പ്രവർത്തിച്ച 12 കടകൾ താത്കാലികമായി അടപ്പിച്ചു. 8 കടകൾക്ക് കോമ്പൗണ്ടിങ് നോട്ടീസ് നൽകി.
ALSO READ: കോഴിക്കോട് ബോംബ് സ്‌ഫോടനം; ഹരിപ്രസാദിനെതിരെ പൊലീസ് കേസെടുത്തു