കോഴിക്കോട് : വെള്ളിമാടുകുന്ന് ബാലിക മന്ദിരത്തിൽ നിന്ന് കോഴിക്കോട് സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായി. പോക്സോ കേസിലെ ഇരകളെയാണ് കാണാതായത്. വ്യാഴാഴ്‌ച (04.08.2022) രാവിലെ 7 മണിയോടെ കുട്ടികളെ അലക്കാൻ വേണ്ടി പുറത്തുവിട്ട സമയത്താണ് ഇരുവരേയും കാണാതായത്.
തുടർന്ന് വിവരമറിഞ്ഞ അധികൃതർ എട്ടുമണിയോടെ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. എസിപി സുദർശന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി പ്രാഥമിക വിവരം അന്വേഷിച്ച് നടപടികൾ എടുത്തു. കാണാതായ രണ്ട് കുട്ടികളിൽ ഒരാളെ മുമ്പും ഇതുപോലെ കാണാതായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കാണാതായ കുട്ടികളിൽ ഒരാൾക്ക് കായംകുളം ഭാഗത്ത് ആൺസുഹൃത്തുള്ളതായി സൂചനയുണ്ടെന്ന് പൊലീസ് പറഞ്ഞു.
അതിനാൽ, കായംകുളം ഭാഗത്തേക്ക് ഇവർ പോയിരിക്കാം എന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിൽ കായംകുളം കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. നഗരത്തിലെ സിസിടിവി കേന്ദ്രീകരിച്ച് ഇതിനോടകം തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളെ ഇന്നുതന്നെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഒരു കുട്ടി വീട്ടിലേക്ക് പോയതാവാൻ സംശയമുള്ളതിനാൽ വീട്ടുകാരെയും വിവരം അറിയിച്ചിട്ടുണ്ട്. എന്നാൽ, മഹിള മന്ദിരം കോമ്പൗണ്ടിനകത്ത് നിന്ന് തുടർച്ചയായി കുട്ടികളെ കാണാതാവുന്ന സംഭവത്തിൽ ജീവനക്കാരെ മാത്രം കുറ്റപ്പെടുത്താൻ ആകില്ലെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇൻചാർജ് പി അബ്‌ദുൽ നാസർ മാധ്യമങ്ങളോട് പറഞ്ഞു.
വിവിധതരത്തിലുള്ള മാനസിക പ്രയാസങ്ങൾ അനുഭവപ്പെട്ട കുട്ടികളാണ് ഇവിടെ വരുന്നത്. അവരെ തടവിലിട്ട പോലെ ജീവിക്കാൻ അല്ല ഇവിടെ കൊണ്ടുവരുന്നത് എന്നും സാമൂഹിക ജീവിതം നയിക്കാനുള്ള സാഹചര്യമാണ് അവർക്ക് ഇവിടെ നൽകുന്നത് എന്നും അദ്ദേഹം പറഞ്ഞു. 24 ഏക്കർ വിസ്‌തീർണമുള്ള ഈ പ്രദേശത്തേക്ക് പുറമേ നിന്നും യാതൊരു തരത്തിലുള്ള ആളുകൾ പ്രവേശിക്കാതിരിക്കാനും അതേസമയം കുട്ടികൾക്ക് ഈ കോമ്പൗണ്ടിനകത്ത് യഥേഷ്‌ടം സഞ്ചരിക്കാനും ഉള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ജനുവരി 26ന് ആറ് പെൺകുട്ടികൾ ഇവിടെ നിന്ന് പുറത്തുചാടിയിരുന്നു. ബെംഗളൂരുവിൽ എത്തിപ്പെട്ട പെൺകുട്ടികളെ പിന്നീട് തിരിച്ചെത്തിച്ചു.