കോഴിക്കോട്: ജില്ലയിലെ കോഴിക്കടകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നു. പക്ഷിപ്പനി പ്രതിരോധത്തിന്‍റെ ഭാഗമായി കോഴിക്കടകൾ മൂന്ന് മാസത്തേക്ക് അടച്ചിടാൻ ജില്ലാഭരണകൂടം ഉത്തരവിട്ടതിൽ പ്രതിഷേധിച്ചാണ് അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നത്. കേരള സംസ്ഥാന ചിക്കൻ വ്യാപാര സമിതിയുടെ തീരുമാനമനുസരിച്ചാണ് അനിശ്ചിതകാലത്തേക്ക് കടകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്.
കളക്ടറുമായി നടത്തിയ ചർച്ചയിൽ 10 കിലോമീറ്റർ ദൂരത്ത് നിന്നും കൊണ്ടുവരുന്ന ഫ്രീസറിൽ വച്ച ചിക്കൻ വിൽക്കാനുള്ള അനുമതിയാണ് ലഭിച്ചത്. എന്നാൽ അതിനു പിന്നിൽ ഫ്രോസൺ ചിക്കൻ, മാർക്കറ്റിൽ കൂടുതൽ ലഭ്യമാക്കാനുള്ള നീക്കങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ചിക്കൻ അസോസിയേഷൻ ജോ.സെക്രട്ടറി ഫിറോസ് പൊക്കുന്ന് പറഞ്ഞു. നിലവിൽ 60 രൂപ മുതൽ 80 രൂപ വരെയാണ് ചിക്കന് ഈടാക്കുന്നത്. ഫ്രോസൺ ചിക്കന്‍റെ വിലയിൽ യാതൊരു കുറവും സംഭവിച്ചിട്ടില്ല. ദീർഘകാലത്തേക്ക് ലൈവ് ചിക്കൻ വിൽപന നിർത്തലാക്കിയതോടെ ഈ രംഗത്ത് തൊഴില്‍ ചെയ്യുന്നവരുടെ നിലനിൽപിന് ഭീഷണിയാകുമെന്നും അദ്ദേഹം പറഞ്ഞു.