എറണാകുളം: ഇരട്ട സ്ഫോടനക്കേസിൽ പ്രതി തടിയന്‍റവിട നസീറിനെ എൻ.ഐ.എ ഹൈക്കോടതിയിലെത്തിച്ചു. പ്രതികൾ സമർപ്പിച്ച അപ്പീലിൽ നേരിട്ട് വാദിക്കണമെന്ന് നസീർ ആവശ്യപ്പെട്ടിരുന്നു. ഇത് ഹൈക്കോടതി അംഗീകരിക്കുകയും നേരിട്ട് വാദിക്കാൻ അനുമതി നൽകുകയുമായിരുന്നു.
അപ്പീൽ ഓൺലൈനായി പരിഗണിച്ച വേളയിലായിരുന്നു നസീർ ഇത്തരമൊരു ആവശ്യം കോടതിയിലുന്നയിച്ചത്. ഇതേ തുടർന്നാണ് നസീറിനെ എൻ.ഐ.എ ബംഗളൂരുവിൽ നിന്നെത്തിച്ചത്. 2006 മാർച്ച് മൂന്നിനായിരുന്നു കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ്സ് സ്റ്റാൻഡിലും, കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിലുമായി രണ്ട് ബോംബ് സ്ഫോടനങ്ങളുണ്ടായത്.
കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്‍ഡിൽ സ്ഫോടനം നടന്ന് പതിനഞ്ച് മിനുട്ടുകൾക്കു ശേഷമായിരുന്നു മൊഫ്യൂസൽ സ്റ്റാൻഡിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ആദ്യം ക്രൈംബ്രാഞ്ചാണ് ഈ കേസിന്റെ അന്വേഷണം നടത്തിയത്. എന്നാൽ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉത്തരവനുസരിച്ച് 2010-ൽ എൻ.ഐ.എ. അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
അന്വേഷണത്തിനും വിചാരണയ്ക്കുമൊടുവിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ തടിയന്റവിട നസീറിനും ഷഫാസിനും എൻ.ഐ.എ. കോടതി ജീവപര്യന്തം വിധിച്ചിരുന്നു. ഇതിനെതിരെ പ്രതികൾ സമർപ്പിച്ച അപ്പീലാണ് ഹൈക്കോടതി പരിഗണിക്കുന്നത്.