കോഴിക്കോട്: പൊലീസ് കസ്‌റ്റഡിയില്‍ മരിച്ച തിരൂരങ്ങാടി മമ്പുറം സ്വദേശി താമിർ ജിഫ്രിയുടെ മൃതദേഹത്തില്‍ മര്‍ദ്ദനത്തിന്‍റെ പാടുകളെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്ട്. ജിഫ്രിയുടെ ശരീരത്തില്‍ 13 മര്‍ദ്ദനമേറ്റ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. പുറത്തിന്‍റെ ഭാഗം, കാല്‍ തുട, കാല്‍പാദത്തിന്‍റെ വെള്ള ഭാഗത്തും ക്രൂരമായ മര്‍ദ്ദനമേറ്റ പാടുകളുണ്ട്. രണ്ട് പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തി. ഇത് എംഡിഎംഎയാണോ എന്ന സംശയത്തിലാണ് പൊലീസ്.
അന്വേഷണം പുരോഗമിക്കുന്നു: മലപ്പുറം എസ്‌പിയുടെ കീഴിലുള്ള ഡാന്‍ സാഫ് സംഘത്തിലെ നാല് പൊലീസുകാരാണ് തേഞ്ഞിപ്പലത്ത് നിന്ന് ജിഫ്രിയെ പിടികൂടിയത്. കോടതിയിലും, പൊലീസ് സ്‌റ്റേഷനിലും കൊണ്ടുവരുന്നതിന് പകരം പൊലിസ് കോര്‍ട്ടേഴ്‌സില്‍ എത്തിച്ചു. തുടർന്ന് താനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച് എഫ്ഐആര്‍ ചുമത്തിയെന്നുമാണ് ഇന്‍റലിജന്‍സ് റിപ്പോർട്ട്. സർക്കാർ ആശുപത്രിയില്‍ കൊണ്ടുപോവുന്നതിന് പകരം സ്വകാര്യ ആശുപത്രിയിലെത്തിച്ചതും ദുരൂഹത വർധിപ്പിച്ചിരുന്നു. രാസ പരിശോധനാഫലം വന്നാലേ യഥാർത്ഥ മരണകാരണം സ്ഥിരീകരിക്കാനാകൂ.
സംഭവം ഇങ്ങനെ: മയക്കുമരുന്ന് കൈവശം വച്ചതിന്‍റെ പേരിലാണ് തിരൂരങ്ങാടി മൂഴിക്കൽ മമ്പുറം മാളിയേക്കൽ താമിർ ജഫ്രി (30) താനൂർ പൊലീസിന്‍റെ പിടിയിലാകുന്നത്. ഇയാളടക്കം അഞ്ചുപേരെയാണ് ചൊവ്വാഴ്‌ച (01.08.2023) പുലർച്ചെ ഒന്നേകാലോടെ പൊലീസ് പിടികൂടിയത്. എന്നാൽ ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ യുവാവ് മരിച്ചു. അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതിനാൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്.
Also read: തൂത്തുക്കുടി കസ്‌റ്റഡി മരണം; അച്ഛനെയും മകനെയും പൊലീസുകാര്‍ ഒരു രാത്രി മുഴുവൻ മര്‍ദിച്ചെന്ന് സിബിഐ
മുമ്പും കസ്‌റ്റഡി മരണം: അടുത്തിടെ കോഴിക്കോട് വടകര പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണത്തിൽ എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്‌തു. ഉദ്യോഗസ്ഥരുടെ നടപടിയിൽ വീഴ്‌ച കണ്ടെത്തിയതിനെത്തുടർന്ന് ഉത്തര മേഖല ഐ.ജിയുടെ നിർദേശപ്രകാരമാണ് എസ്.ഐ നിജേഷൻ, എ.എസ്.ഐ അരുൺ, സിവിൽ പൊലീസ് ഓഫീസർ ഗിരീഷ് എന്നിവർക്കെതിരെ നടപടിയുണ്ടായത്. സംഭവത്തിൽ വലിയ ജനകീയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു പൊലീസുകാരെ സസ്പെൻഡ് ചെയ്തത്. അതേസമയം വാഹനാപകട കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിച്ച വടകര കല്ലേരി സ്വദേശി സജീവനാണ് (41) കസ്‌റ്റഡിയിലിരിക്കെ മരിച്ചത്.
മരണത്തിലേക്ക് നയിച്ചത്: സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തിലിടിച്ച് അപകടമുണ്ടായിരുന്നു. ഇതില്‍ നഷ്‌ടപരിഹാര തുകയെ ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് വിഷയം പൊലീസ് സ്റ്റേഷനിലേക്ക് എത്തി. സ്‌റ്റേഷനിലെത്തിയ സജീവനെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ മര്‍ദിച്ചതായി സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ഇതിനിടെ എസ്.ഐയുടെ മര്‍ദനമേറ്റ് തനിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് സജീവന്‍ പറഞ്ഞെങ്കിലും പൊലീസ് അത് ചെവിക്കൊണ്ടില്ലെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് വാഹനാപകടത്തെ തുടര്‍ന്നുള്ള തര്‍ക്കം പരിഹരിച്ചതിന് പിന്നാലെ സ്‌റ്റേഷനില്‍ നിന്ന് പുറത്തിറങ്ങവെ സജീവന്‍ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തിന് പിന്നാലെ അസ്വാഭാവിക മരണത്തിന് വടകര പൊലീസ് കേസെടുത്തു. മാത്രമല്ല കേസില്‍ ജില്ല ക്രൈംബ്രാഞ്ച് അന്വേഷണവും ആരംഭിച്ചു.
Also read: പാചകക്കാരന്‍റെ മരണത്തിൽ 3 വ്യോമസേന ഉദ്യോഗസ്ഥർക്ക് ജീവപര്യന്തം: വിധി 27 വർഷങ്ങള്‍ക്ക് ശേഷം