കോഴിക്കോട് : വടക്കേ മലബാറുകാരുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ് തെയ്യം. എണ്ണിത്തിട്ടപ്പെടുത്താൻ പറ്റാത്തത്ര വേഷങ്ങളാണ് ഓരോ ഉത്സവകാലത്തും ഉറഞ്ഞാടുന്നത്. പരമ്പരാഗത കലാരൂപമായ തെയ്യങ്ങൾക്ക് അവകാശികളായി നിരവധി സമുദായക്കാരുമുണ്ട്.
കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി കോഴിക്കോടിന്‍റെ വിവിധ പ്രദേശങ്ങളിൽ തെയ്യം അവതരിപ്പിക്കുന്നവരാണ് പനങ്ങാട് ബ്രദേഴ്‌സ്. അവരുടെ നീണ്ട യാത്രയ്ക്കിടയിൽ ഈ തവണ ഒരു ക്ഷേത്രത്തിൽ അവർ കാഴ്ചക്കാരായി ഒതുങ്ങി. കുടുംബത്തിൽ ഒരു മരണം സംഭവിച്ചതോടെ നാഥനായ രാജീവനും കുടുംബാംഗങ്ങൾക്കും ഉത്സവത്തിന് വേറെ ആളുകളെ നിയോഗിക്കേണ്ടി വന്നു. ചിട്ടപ്രകാരം ഇത്രയും കാലം തെയ്യം കെട്ടിയാടിയ രാജീവൻ പടിക്ക് പുറത്തുനിന്ന് എല്ലാം നിയന്ത്രിച്ചു, നിറകണ്ണുകളുമായി.
ദുരിതം തെറ്റിച്ച പാരമ്പര്യം : വർഷങ്ങളായി ഒരേ ദിവസം ഉത്സവം നടക്കുന്ന ക്ഷേത്രമാണ് കക്കോടി പറമ്പിടി ഇല്ലം. വൈകീട്ട് തുടങ്ങി പിറ്റേദിവസം രാവിലെ വരെ ഇരുപതിലേറെ വേഷങ്ങൾ കെട്ടിയാടുന്ന ഇല്ലം. 1982ൽ അച്ഛനോടൊപ്പം ഉത്സവപ്പറമ്പിലേക്ക് കാലെടുത്തുവച്ചയാളാണ് രാജീവൻ. ആ പാരമ്പര്യം കഴിഞ്ഞ 41 വർഷമായി നിറവേറ്റി പോരുന്നു. 30നടുത്ത് കലാകാരന്മാർ അണിനിരക്കുന്ന ഈ ക്ഷേത്രത്തിൽ ഇത്തവണ 13 പേർക്ക് പ്രവേശിക്കാൻ പറ്റാതായി. എന്നാല്‍ പെട്ടെന്നുണ്ടായ ആഘാതത്തിനിടയിലും ഒറ്റ രാത്രി കൊണ്ട് തെയ്യത്തിന് ആവശ്യമായ ആളുകളെ ഇവിടെ എത്തിക്കാൻ കഴിഞ്ഞു. ക്ഷേത്രാചാരങ്ങളിൽ ഒരു കാപട്യവും കാണിക്കാതെ കാലമിത്രയും മുന്നോട്ടുപോയതിന്‍റെ ഒരു നേർസാക്ഷ്യം കൂടിയായിരുന്നു അത്. കൃത്യനിഷ്ഠയും വീഴ്‌ചയില്ലാതെ നോന്‍പ് നോറ്റ് യാത്രതുടർന്നതും കൊണ്ടുതന്നെ ഒരു ദോഷവും ഇത്രയും കാലം സംഭവിച്ചിട്ടില്ലെന്ന് രാജീവൻ വ്യക്തമാക്കുന്നു.
ഉറഞ്ഞാട്ടത്തിന്‍റെ പൊരുള്‍ : വെറും ഷോ മാത്രമാവരുത് തെയ്യങ്ങൾ. ഒരു ദിവസം തന്നെ പല ക്ഷേത്രങ്ങളില്‍ വേഷം കെട്ടിയാടുന്നതും പാരമ്പര്യമല്ല. ഒരു ഉത്സവപ്പറമ്പിലേക്ക് വന്നാൽ ആദ്യം തൊട്ട് അവസാനം വരെ തെയ്യക്കാരൻ അവിടെ ഉണ്ടായിരിക്കണം എന്നതാണ് യഥാർഥ പാരമ്പര്യം. എന്നാൽ ഒരു കാണിച്ചുകൂട്ടലാക്കി പ്രതിഫലവും പറഞ്ഞുവാങ്ങി പോകുന്നിടത്ത് തെയ്യങ്ങളുടെ പാരമ്പര്യമാണ് നഷ്‌ടപ്പെട്ടുപോകുന്നത്. അതുകൊണ്ടുതന്നെ ഒരു സർക്കസാക്കി തെയ്യത്തെ മാറ്റരുതെന്നും രാജീവൻ പറയുന്നു.
പൂർവികരുടെ പാത പിന്തുടർന്നും കണ്ടുപഠിച്ചുമാണ് ഓരോ തെയ്യക്കാരനും പൂർണതയിലേക്ക് എത്തേണ്ടത്. ഓരോന്നിനും അതിന്‍റേതായ നിയമമുണ്ട്. അതിനോട് നീതിപുലർത്തണം. ചിട്ട തെറ്റിച്ചാൽ ഒരു പാരമ്പര്യം തന്നെയാണ് അവിടെ തകർന്നുപോവുക. രംഗത്ത് അരമണിക്കൂറാണ് ഒരു തെയ്യത്തിന്‍റെ ആട്ട സമയമെങ്കിൽ ഒന്നരമണിക്കൂറിലേറെ പിന്നാമ്പുറത്തെ ഒരുക്കങ്ങൾക്ക് വേണം. ഉത്തമത്തിലും മധ്യമത്തിലും നിരവധി വേഷങ്ങൾ കെട്ടിയാടുന്നുണ്ട്. എന്നാൽ അതിൽ ബഹുഭൂരിപക്ഷവും മധ്യമത്തിലാണ്. എന്നാൽ അവിടെ മത്സ്യവും മാംസവും കഴിച്ച് വേഷം കെട്ടാൻ പാടില്ല.
തട്ടിക്കൂട്ട് തെയ്യമാവരുത് : കള്ളും മദ്യവും മധ്യമ വേഷങ്ങളുടെ ഭാഗമാണ്. എന്നാൽ മത്സ്യ മാംസങ്ങൾ വ്രതശുദ്ധി ഇല്ലാതാക്കും. കോഴിയെ കുരുതി കൊടുക്കുന്ന രീതി ഇപ്പോഴും പിന്തുടർന്ന് പോരുന്ന ക്ഷേത്രങ്ങളുണ്ട്. എന്നാൽ ഒരുകാലത്ത് പത്തും ഇരുപതും കോഴികളെ ആയിരുന്നു കുരുതി കൊടുത്തിരുന്നത്. അതിനൊത്ത മദ്യവും അവിടെ ഒഴുകിയിരുന്നു. എന്നാൽ ഇന്നത് ഒരു ആചാരത്തിന്‍റെ ഭാഗമാക്കി ഒന്നോ രണ്ടോ ആയി കുറച്ചു. പരമ്പരാഗത കലയായ തെയ്യത്തെ നിലവില്‍ കലാസമിതിക്കാർ ഒരു പരിധി വരെ ദുരുപയോഗം ചെയ്യുകയാണ്.
ഉദ്ഘാടനത്തിനും റോഡ് ഷോയ്ക്കും കളിക്കുന്ന തെയ്യങ്ങൾ യഥാർഥ വിധിപ്രകാരമല്ല അരങ്ങേറുന്നത്. ഒരു പ്രതിഷ്ഠയ്ക്ക് മുന്നിലാണ് എല്ലാ നിയമങ്ങളും പാലിച്ച് തെയ്യങ്ങൾ കെട്ടിയാടേണ്ടത്. വേഷം അഴിച്ചാലും ആ പ്രതിഷ്ഠ അവിടെ തന്നെ ഉണ്ടാകും. എന്നാൽ ഷോയ്ക്ക് വേണ്ടി നടത്തുന്ന തെയ്യങ്ങൾക്കായി തയ്യാറാക്കുന്ന പ്രതിഷ്ഠകൾ പിന്നീട് എടുത്ത് കളയപ്പെടുകയാണ്. വിധി പ്രകാരം തെയ്യം കെട്ടുന്ന സമുദായക്കാരല്ല ഈ വേഷങ്ങളിൽ പലതും കെട്ടുന്നത് എന്നതാണ് അതിന്‍റെ ന്യൂനതയെന്നും ഇതൊരിക്കലും തെയ്യ സംസ്കാരമല്ലെന്നും രാജീവൻ കൂട്ടിച്ചേർക്കുന്നു.
അംഗീകാരങ്ങളുടെ ലോകം: ആധുനിക കാലത്ത് തെയ്യങ്ങൾക്കും തെയ്യം കലാകാരന്മാർക്കും അംഗീകാരം കൂടി വരികയാണ്. ഒരുകാലത്ത് പട്ടിണി അകറ്റാൻ വേണ്ടി മാത്രമായിരുന്നു ഈ കലാരൂപം കെട്ടിയാടിയത്. തെയ്യം സീസണിൽ കിട്ടുന്ന അരി കൊണ്ട് മഴക്കാലത്തും കഞ്ഞികുടിച്ച ഒരു കാലം ഉണ്ടായിരുന്നു. മുറ്റത്ത് കുഴി കുത്തി കുമ്പിളിൽ ഭക്ഷണം കിട്ടിക്കൊണ്ടിരുന്ന കാലമൊക്കെ മാറി. ഇന്ന് പട്ടിണിയില്ല, ഒപ്പം അർഹിക്കുന്ന പ്രതിഫലവും ലഭിക്കുന്നുണ്ട്. കിട്ടുന്നതും വാങ്ങി വീട്ടിൽ പോകുന്ന രീതിയ്‌ക്കൊക്കെ വലിയ മാറ്റം വന്നു. നിലവില്‍ തെയ്യം കലാകാരൻമാർക്കും വാദ്യക്കാർക്കും അണിയറക്കാർക്കും അർഹിക്കുന്ന പ്രതിഫലവും അദരവുമുണ്ട്. എന്നാൽ പാരമ്പര്യത്തെ മറന്ന് വിധി പ്രകാരമുള്ള ചിട്ടകൾ തെറ്റിച്ചുകൊണ്ടുള്ള ആധുനികവത്കരണം ഈ കലാരൂപത്തിന്‍റെ നാശത്തിന് മാത്രമേ വഴിവയ്‌ക്കൂ എന്നാണ് രാജീവന്‍റെ അഭിപ്രായം.