കോഴിക്കോട്: കൊയിലാണ്ടി സ്വദേശിനി വിജിഷയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ചേലിയമലയില്‍ പ്രദേശവാസിയായ പെണ്‍കുട്ടി, സ്വകാര്യ മൊബൈൽ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് മേധാവി ആർ. ഹരിദാസിനാണ് കേസന്വേഷണ ചുമതല.
ഊര്‍ജിത അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി
2021 ഡിസംബർ 11 നാണ് വിജിഷ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. യുവതി ഓൺലൈൻ തട്ടിപ്പിനിരയായിരുന്നു. ഇതാണ് മരണകാരണമെന്ന് പറയുന്ന കേസിൻ്റെ ഫയലുകൾ ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിച്ചതായാണ് വിവരം.
വിജിഷയുടെ ലാപ്ടോപ്പും ഫോണും പരിശോധിക്കും. ഇതിനായി സൈബർ സെല്ലിനെ പൊലീസ് സമീപിച്ചിട്ടുണ്ട്. ഇതുകൂടി പരിശോധിച്ചാലെ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ.
കേസ് അന്വേഷണം ലോക്കൽ പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി പ്രക്ഷോഭത്തിലായിരുന്നു. ഇത് സംബന്ധിച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവികൾക്കും മുഖ്യമന്ത്രിയ്ക്കും കത്ത് കൈമാറിയിരുന്നു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്‍റ് ചെയർമാനും ജോഷി കൺവീനറുമായുള്ള ആക്ഷൻ കമ്മിറ്റിയാണ് വിജിഷയുടെ മരണവുമായി സമരരരംഗത്തുള്ളത്.
പണമിടപാട് നടത്തിയതിനെക്കുറിച്ച് ദുരൂഹത
യുവതിക്ക് പറയത്തക്ക പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നായിരുന്നു ബന്ധുക്കളും നാട്ടുകാരും പറഞ്ഞിരുന്നത്. എന്നാല്‍ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുമായി ഒരു കോടിയോളം രൂപയുടെ ഇടപാടുകളാണ് യുവതി നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. വിവാഹത്തിന് വേണ്ടി കരുതിയിരുന്ന 35 പവന്‍ സ്വര്‍ണവും വീട്ടുകാര്‍ അറിയാതെ വിജിഷ ബാങ്കില്‍ പണയം വെച്ച് പണം വാങ്ങിയിട്ടുണ്ട്.
ഇത്രയും പണത്തിന്‍റെ ഇടപാടുകള്‍ ആര്‍ക്ക് വേണ്ടിയാണ്, എന്തിന് വേണ്ടിയാണ് വിജിഷ നടത്തിയതെന്ന് വീട്ടുകാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ അറിയില്ല. പൊലീസ് അറിയിക്കുമ്പോഴാണ് വീട്ടുകാർ പോലും പണമിടപാടിനെപ്പറ്റി അറിയുന്നത്.
പണം വാങ്ങിയതും കൊടുത്തതുമെല്ലാം ഗൂഗിള്‍ പേ ഉൾപ്പടെയുള്ള യു.പി.ഐ ആപ്പുകള്‍ വഴിയാണ്. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിക്കുന്നില്ല.
സ്വകാര്യ ടെലികോം കമ്പനിയായ സ്റ്റോറില്‍ ജോലി ചെയ്‌ത് വന്നിരുന്ന വിജിഷ ഇത്രയും പണമിടപാട് നടത്തിയതെന്തിനാണെന്നാണ് എല്ലാവരെയും കുഴക്കുന്ന ചോദ്യം. ഇത്രയേറെ പണം ഇടപാടുകള്‍ നടത്തിയിട്ടും വിജിഷയുടെ മരണ ശേഷം ഇതുവരെ ആരും പണം ആവശ്യപ്പെട്ട് വീട്ടിലേക്ക് വരികയോ ബന്ധുക്കളെയോ സമീപിക്കുകയോ ചെയ്‌തിട്ടില്ല. പിന്നെ എന്താണ് വിജിഷയ്ക്ക് സംഭവിച്ചതെന്നാണ് പൊലീസിനെ കുഴക്കുന്ന ചോദ്യം.