കോഴിക്കോട് : കൂളിമാട് പാലത്തിന്‍റെ തകര്‍ച്ചയിൽ പൊതുമരാമത്ത് വകുപ്പിന്‍റെ ഭാഗത്ത് ഗുരുതര വീഴ്‌ചയെന്ന് കണ്ടെത്തൽ. പാലം നിർമാണം പുരോഗമിക്കുമ്പോൾ പ്രവൃത്തിയുടെ ചുമതലയുണ്ടായിരുന്ന എക്‌സിക്യുട്ടീവ് എഞ്ചിനീയർ ബൈജു പി.ബിയും അസിസ്റ്റന്‍റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ മൊഹ്സിൻ അമീനും സ്ഥലത്തുണ്ടായിരുന്നില്ല എന്ന വിവരമാണ് പുറത്തുവന്നത്. പാലത്തിന്‍റെ നിര്‍മാണ ചുമതലയുണ്ടായിരുന്ന എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ബൈജു കലാകായിക മേളയുടെ സംഘാടനത്തിന്‍റെ ഭാഗമായി ഒരാഴ്‌ചയായി വയനാട് ബത്തേരിയിലായിരുന്നു.
മറ്റ് എഞ്ചിനീയർമാരും അസോസിയേഷന്‍ സംസ്ഥാന സമിതിയില്‍ പങ്കെടുക്കുകയായിരുന്നു. നിർമാണ കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിയുടെ ജീവനക്കാർ മാത്രമാണ് സംഭവ സ്ഥലത്തുണ്ടായിരുന്നത്. രാവിലെ 9 മണിക്ക് പാലം തകര്‍ന്നിട്ടും ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.
Also Read: കോഴിക്കോട് നിര്‍മാണത്തിലിരുന്ന പാലത്തിന്‍റെ ബീമുകള്‍ തകര്‍ന്നു
രണ്ട് ഹൈഡ്രോളിക് ജാക്കികള്‍ ഉപയോഗിച്ച് പാലത്തില്‍ ബീമുകള്‍ ഉറപ്പിക്കുമ്പോൾ ഒന്ന് പ്രവർത്തനരഹിതമായതാണ് പാലം തകരാൻ കാരണമായത് എന്നാണ് ഊരാളുങ്കല്‍ വിശദീകരിച്ചത്. ഈ പ്രവൃത്തി നടക്കുമ്പോൾ കരയില്‍ നിന്ന് നിര്‍ദേശങ്ങള്‍ നല്‍കുകയും പ്രവൃത്തിയില്‍ വീഴ്‌ചയില്ലെന്ന് ഉറപ്പിക്കുകയും ചെയ്യേണ്ടത് പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയർമാരാണ്. എന്നാൽ പ്രവൃത്തിയുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനും നിർമാണ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല.
മലപ്പുറം, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമിക്കുന്ന കൂളിമാട് കടവ് പാലത്തിന്‍റെ മൂന്ന് പ്രധാന ബീമുകളാണ് മെയ് 16ന് തകർന്നുവീണത്. മലപ്പുറം ജില്ലയോട് ചേർന്ന ഭാഗത്തായിരുന്നു അപകടം. സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) പ്രൊജക്‌ട് ഡയറക്‌ടറോട് റിപ്പോർട്ട് തേടിയിരുന്നു. ഹൈഡ്രോളിക് ജാക്കിക്ക് വന്ന പിഴവ് എന്നാണ് റോഡ് ഫണ്ട് ബോർഡ് നൽകിയ പ്രാഥമിക റിപ്പോർട്ട്.
Also Read: കൂളിമാട് പാലം: വിജിലൻസ് സംഘം പരിശോധനയ്‌ക്കെത്തി
അപകടം അവസാനഘട്ടത്തിൽ : അപകടത്തിലൂടെ ഒന്നര കോടി രൂപ മുതല്‍ മുതല്‍ രണ്ട് കോടി രൂപ വരെ നഷ്‌ടമുണ്ടായെന്നാണ് ഊരാളുങ്കല്‍ സൊസൈറ്റിയുടെ വിലയരുത്തല്‍. രണ്ട് വർഷം മുന്‍പ് ആരംഭിച്ച പാലത്തിന്‍റെ നിർമാണ പ്രവൃത്തി ഏറെക്കുറെ പൂർത്തിയാകുന്ന ഘട്ടത്തിലാണ് അപകടമുണ്ടായത്. 2019 മാർച്ചിലാണ് പാലത്തിന്‍റെ നിർമാണം ആരംഭിച്ചത്. കോഴിക്കോട് ജില്ലയുടെ കരഭാഗത്തും ചാലിയാറിൽ മലപ്പുറം ഭാഗത്തും പാലത്തിന്‍റെ കാലുകൾക്ക് വേണ്ടിയുള്ള പൈലിങ് നടത്തി ഐലൻഡും സ്ഥാപിച്ചിരുന്നു.
പ്രവൃത്തി പുരോഗമിക്കവേ പുഴയിലെ കുത്തൊഴുക്കിൽ ഐലൻഡ് ഒലിച്ചുപോയതോടെ നിർമാണ പ്രവൃത്തി നിർത്തിവച്ചിരുന്നു. പുഴയിൽ വെള്ളം ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് പാലത്തിന്‍റെ ഡിസൈനും എസ്റ്റിമേറ്റും പുതുക്കേണ്ടിവന്നു.