കോഴിക്കോട്; കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറു പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മരണ കാരണം തേടി പൊലീസ് അന്വേഷണം. തെളിവുകളുടെ അഭാവം മറികടക്കാൻ കുടുംബാംഗങ്ങളുടെ ഡിഎൻഎ പരിശോധന നടത്തും. ഇന്ത്യയില്‍ ഇതിനുള്ള പരിശോധന സംവിധാനം ഇല്ലെങ്കില്‍ ഡിഎൻഎ വിദേശത്ത് അയച്ച് പരിശോധന നടത്താനാണ് പൊലീസ് നീക്കം. കൊലപാതകം നടന്നതിന്‍റെ സമയവും വർഷവും വ്യത്യസ്തമായതിനാല്‍ പ്രത്യേകം കേസെടുത്ത് അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു. കേസ് പൊലീസിന് വെല്ലുവിളിയാണെന്നും ഡിജിപി പറഞ്ഞു.
സയനൈഡ് ഉപയോഗത്തിന്‍റെ തെളിവ് കിട്ടുക എന്നതും പൊലീസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. അതോടൊപ്പം കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും പൊലീസ് നീക്കം തുടങ്ങി. കേസിലെ പരാതിക്കാരനും മരിച്ച റോയിയുടെ സഹോദരനുമായ റോജോയെ വിദേശത്തു നിന്ന് വിളിച്ചുവരുത്താനും പൊലീസ് നീക്കം തുടങ്ങി. കഴിഞ്ഞ തവണ നാട്ടിലെത്തിയ റോജോ നടത്തിയ ഇടപെടലാണ് 17 വർഷങ്ങൾക്ക് ശേഷം കൊലപാതകത്തിന്‍റെ ചുരുളഴിയാൻ കാരണം. അതിനിടെ, മരിച്ച ഷാജുവിന്‍റെ ആദ്യ ഭാര്യയും അവസാനം കൊല്ലപ്പെട്ടതുമായ സിലിയുടെ ബന്ധുക്കൾ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകി. സിലിയുടെ സഹോദരൻ സിജോ, സഹോദരി എന്നിവരാണ് മൊഴി നൽകാനെത്തിയത്. മരണത്തിൽ ബന്ധുക്കൾക്കുള്ള സംശയം ഇവർ പൊലീസിനെ അറിയിച്ചതായാണ് സൂചന.